11-pj-kurien-600

കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍

Latest News

കുര്യന്റെ നോമിനികള്‍ അങ്കലാപ്പില്‍, പാര്‍ശ്വവര്‍ത്തികള്‍ക്കെതിരെ പടയൊരുക്കം

പത്തനംതിട്ട: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലുള്ള അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും ആളിക്കത്തുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും വലിയൊരു വിഭാഗം നേതാക്കളും ആഹ്ലാദ തിമിര്‍പ്പിലാണ്. വര്‍ഷങ്ങളായി ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന പ്രൊഫ. പി ജെ കുര്യന്റെ രാജ്യസഭാ മോഹങ്ങള്‍ ഇല്ലാതായതോടെ വീണ്ടും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചതിന്റെ സന്തോഷമാണ് നേതാക്കളിലും പ്രവര്‍ത്തകരിലും. കുര്യന്റെ പാര്‍ശ്വവര്‍ത്തികളും നോമികളും ഇഷ്ടക്കാരും മാത്രമാണ് 25 വര്‍ഷക്കാലമായി പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജില്ലമുതല്‍ ബൂത്തുപ്രസിഡന്റ് വരെയുള്ള സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നത്.

പത്തനംതിട്ടയുടെ കാര്യം വരുമ്പോള്‍ ഗ്രൂപ്പ് വ്യത്യാസം മറന്ന് കുര്യന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ എ ഐ ഗ്രൂപ്പ് നേതൃത്വങ്ങളും അകലം പാലിച്ചിരുന്നു. ഗാന്ധി കുടുംബവുമായുള്ള പി ജെ കുര്യന്റെ വര്‍ഷങ്ങളായുള്ള അടപ്പം ഭയന്നാണ് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അവസാനവാക്കായി കുര്യന്റെ അന്തിമതീരുമാനത്തിനായി കാത്തിരുന്നത്. കുര്യനെതിരെ വാളെടുത്താല്‍ അവരൊക്കെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയോ അല്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിച്ച് മറ്റു വഴികള്‍ തോടുകയോ ചെയ്യേണ്ട ഗതികേടിലായിരുന്നു നാളിതുവരെ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ആസൂത്രണ ബോര്‍ഡ് അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അഡ്വ. ഫിലിപ്പോസ് തോമസിന് മൂന്നുതവണ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ റാന്നി നിയോജക മണ്ഡലത്തില്‍ നിന്നും നിയസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. മാര്‍ത്തോമ്മാ സമുദായാംഗമായ ഫിലിപ്പോസിന്റെ നേതൃപാടവത്തില്‍ അസ്വസ്ഥനായിരുന്ന പി ജെ കുര്യന്‍ തന്നെ ഇഷ്ടക്കാരെ ഉപയോഗിച്ച് ദീര്‍ഘകാലം പത്തനംതിട്ട ഡി സി സി പ്രസിഡന്റ് കൂടിയായിരുന്ന ഫിലിപ്പോസ് തോമസിനെ റാന്നിയില്‍ രാജയപ്പെടുത്തുകയായിരുന്നുവെന്ന ആക്ഷേപം തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ അങ്ങാടിപ്പാട്ടാണ്.

സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഒരാളെ പോലും പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മാര്‍ത്തോമ്മാ സമുദായാംഗമായിരുന്ന കുര്യന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. ലോകസഭയിലും രാജ്യസഭയിലുമായി 40 ലധികം വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുണ്ടെങ്കിലും പത്തനംതിട്ടയിലെത്തിയാല്‍ പി ജെ കുര്യന്‍ ചില ഇഷ്ടക്കാരുടെ വാക്കുകള്‍ കേട്ട് ജില്ലയിലെ ജനസമ്മിതിയുള്ള നേതാക്കളെ കൂട്ടത്തോടെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് വേളകളില്‍ സീറ്റുകള്‍ നല്‍കാതെയും മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടമാണ് ഇല്ലാതാവുന്നത്. രാഷ്ട്രീയ വനവാസത്തിലേക്ക് പ്രവേശിക്കാന്‍ മാനസികമായി തയ്യാറെടുത്ത പി ജെ കുര്യന്റെ വെണ്ണിക്കുളത്തെ വീട്ടില്‍ നേതാക്കളുടെയും പാര്‍ശ്വവര്‍ത്തികളുടെയും തള്ളിക്കയറ്റം കുറയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടിയുടെ എല്ലാ പോക്ഷക സംഘടനകളിലും സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ കുര്യന്‍ സമ്മതം മൂളേണ്ട ഗതികേടിലായിരുന്നു കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍. സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് പാര്‍ട്ടിയോട് അകലം പാലിച്ചവരോടും പാര്‍ട്ടി വിട്ടുപോയവരും പത്തനംതിട്ട ജില്ലയില്‍ നിരവധിയാണ്.

എല്ലാ വിഭാഗം മതസാമുദായ നേതാക്കളുടെയും ഇഷ്ടതോഴനായി അറിയപ്പെട്ടിരുന്ന കുര്യന്‍ എ ഗ്രൂപ്പിന്റെ വക്താവായാണ് അറിയപ്പെട്ടിരുന്നത്. ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി ഏറെക്കുറെ ഉറപ്പിച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് വെച്ചുമാറിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് പി ജെ കുര്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ എ ഗ്രൂപ്പിന്റെ പിന്തുണ കുര്യന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 77 വയസ് പിന്നിട്ട പി ജെ കുര്യന്‍ വെണ്ണിക്കുളത്തെ വീട്ടില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കേണ്ടി വരുമെന്ന സൂചനയാണ് ജില്ലയിലെ പ്രമുഖ എ വിഭാഗം നേതാക്കള്‍ പറയുന്നത്. കുര്യന്റെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ യു ഡി എഫും കോണ്‍ഗ്രസും വിജയിച്ചുവരുന്ന റാന്നി, തിരുവല്ല, മാവേലിക്കര തുടങ്ങിയ നിയമസഭാ മണ്ഡലങ്ങള്‍ എല്‍ ഡി എഫിന്റെ കുത്തകസീറ്റുകളായി മാറിയെന്നതാണ് വിചിത്രമാണ് മറ്റൊരു കാര്യം.

Leave a Reply

Your email address will not be published. Required fields are marked *