നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്. ഇത്തരമൊരു പരാതി വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടി. എറണാകുളം സിജെഎം കോടതിയിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ ദിലീപീന്റെ മുന്‍ മാനേജര്‍ക്കു പങ്കുള്ളതായി സംശയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ അനുകൂലിക്കുന്ന ഏതാനും ഓണ്‍ലൈന്‍ മീഡിയയ്ക്കും ഇതില്‍ പങ്കുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഒരു ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടറാണ്. ഇയാള്‍ പരാതിക്കാരിക്കു പണം നല്‍കിയെന്നും പൊലീസ് പറയുന്നു.
പരാതിക്കാരിയുടെ ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തി. എന്നാല്‍ പരാതിയില്‍ എന്തെങ്കിലും കഴമ്പുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെങ്കിലും അതില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. പീഡനം നടന്നു എന്നു പറയുന്ന സ്ഥലം തിരിച്ചറിയാനും പരാതിക്കാരിക്കു കഴിഞ്ഞില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പിഡീപ്പിച്ചതായാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചി പൊലീസ് കമ്മിഷണര്‍ക്കു നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പത്ത് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്കിയ ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.