ന്നാ താൻ കേസ് കൊട് സിനിമാ പരസ്യ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരസ്യത്തെ പരസ്യമായി കണ്ടാൽ മതിയെന്നും, വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നും റിയാസ് പറഞ്ഞു. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിൽ വന്നാലും സ്വീകരിക്കും, അത് പോസിറ്റീവായി എടുക്കും. കേരളം ഉണ്ടായത് മുതലുള്ള പ്രശ്നമാണ് ഇത്. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണ്, അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമെന്നും റിയാസ് കൂട്ടിച്ചേർത്തു.അതേസമയം, നർമബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബർ ആക്രമണം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് സിനിമയെ വിമർശിക്കുന്നത്. മാധ്യമപ്രവർത്തകരാണെങ്കിലും, രാഷ്ട്രീയ പ്രവർത്തകരാണെങ്കിലും ആരാണെങ്കിലും വിമർശിച്ചാൽ കഥ കഴിക്കും. അതിന് ഒരു പരിധിയില്ല, അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഒരു സിനിമക്കെതിരെ നടക്കുന്നത്.ആ സിനിമ കാണരുത് എന്ന പ്രചരണത്തിലേക്ക് പോയാൽ കൂടുതൽ പേർ ആ സിനിമ കാണുമെന്നും സതീശൻ പറഞ്ഞു. ദേശാഭിമാനി പത്രത്തിന്റെ മുൻപേജിലുണ്ട് സിനിമാ പരസ്യമെന്നും സതീശൻ പരിഹസിച്ചു.