ന്യൂഡല്‍ഹി: സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ കരവാള്‍ നഗറിലാണ് സംഭവം. പ്രശാന്ത് ചന്ദ് എന്ന 19കാരനാണ് സഹോദരന്‍ പ്രേം ശങ്കറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. തന്റെ ഭാര്യയോട് സംസാരിച്ചെന്ന കാരണത്താല്‍ പ്രേം ശങ്കര്‍, പ്രശാന്തിനെ തല്ലിയിരുന്നു. ഇതിന്റെ വൈരാഗ്യം കാരണമാണ് പ്രശാന്ത് ജ്യേഷ്ഠസഹോദരനെ കൊലപ്പെടുത്തിയത്.
വിവരം പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ ബുള്ളറ്റ് മുറിവ് കണ്ട പുരോഹിതന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രശാന്ത് മരണപ്പെട്ടത് കിടക്കയില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് എന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്.
ജൂണ്‍ 27ന് ഒരു പുരോഹിതന്‍ അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തുമ്പോള്‍ പ്രേം ശങ്കറിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തി. ഫോറന്‍സിക് എത്തി കൂടുതല്‍ തെളിവ് ശേഖരിക്കുകയും കൈരേഖാടയാളങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് കൊലയാളി ആരെന്ന് പൊലീസ് കണ്ടെത്തിയത്. കുറ്റവാളിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ മാസമാണ് പ്രേം ശങ്കര്‍ വിവാഹം കഴിച്ചത്. തന്റെ ഭാര്യയോട് സംസാരിക്കുന്നതിന്റെ പേരില്‍ പ്രേം ശങ്കര്‍, പ്രശാന്തിനെ പലപ്പോഴും തല്ലാറുണ്ടായിരുന്നു. കൊലപാതകം നടന്ന അന്നും ഇങ്ങനെ തല്ലുണ്ടാവുകയും പ്രശാന്ത് നാടന്‍ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.