പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍ തന്റെ സുദീര്‍ഘമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. വികസനത്തില്‍ രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില്‍ പൗരന്മാര് അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാര് കടമ നിര്‍വഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്.
വരാനിരിക്കുന്ന അഞ്ച് വര്‍ഷക്കാലം രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അടിമത്ത മനോഭാവത്തില്‍ നിന്നും പൂര്‍ണമായി മാറണമെന്നും രാജ്യത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്നും മോദി ഓര്‍മിപ്പിച്ചു.
ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് വ്യോമസേനാ ഹെലികോപ്ടറുകള്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടി നടത്തി. ചെങ്കോട്ടയില്‍ എന്‍സിസിയുടെ സ്പെഷ്യല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളില്‍ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയല്‍ 21ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി നിര്‍മിച്ച ഹോവിറ്റ്സര്‍ തോക്കുകളാകും ഉപയോഗിക്കുക. ഡിആര്‍ഡിഒ വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടോഡ് ആര്‍ടില്ലറി ഗണ്‍ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.