ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍; ലക്ഷ്യമിട്ടത് ക്രയോജനിക് പദ്ധതി അട്ടിമറിക്കാനെന്ന് സി.ബി.ഐ

Kerala Latest News

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നു സംശയിക്കുന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്നു കരുതുന്നതായും സിബിഐ അറിയിച്ചു.

വിദേശ ശക്തികള്‍ക്കു വേണ്ടിയാണ് ഐഎസ്ആര്‍ഒയിലെ രണ്ടു ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു പറഞ്ഞു. ഐഎസ്ഐക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നത്. പാകിസ്ഥാന്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് രാജു കോടതിയെ അറിയിച്ചു.

ക്രയോജനിക് പദ്ധതി അവതാളത്തിലാക്കുക എന്ന ലക്ഷ്യം കേസ് രജിസ്റ്റര്‍ ചെയ്തതോടെ തന്നെ അവര്‍ നേടിയെന്ന് സിബിഐ അഭിപ്രായപ്പെട്ടു. ചാരക്കേസ് ഇല്ലായിരുന്നുവെങ്കില്‍ ഇരുപതു വര്‍ഷം മുമ്പു തന്നെ ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുമായിരുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത്, അപമാനിച്ച്, പീഡിപ്പിച്ചെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സിബിഐ നിലപാട് അറിയിച്ചത്. ഗൂഢാലോചനയില്‍ ശ്രീകുമാര്‍ പങ്കാളിയാണെന്നും നമ്പി നാരായണനെ ചോദ്യം ചെയ്ത ശ്രീകുമാര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റ്ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *