junkfood

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ ഭരണകൂടങ്ങള്‍ ഇടപെടുന്നു; സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്

Latest News

 

കൊച്ചി: നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ ഭരണകൂടങ്ങളുടെ ശക്തമായ ഇടപെടല്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും കോളജുകളിലും ജങ്ക് ഫുഡ് നിരോധിക്കാന്‍ യു ജി സി നിര്‍ദേശം നല്‍കി. സി ബി എസ് ഇ
സ്‌കൂളുകളില്‍ ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകളിലെ കോളജ് കാന്റീനുകളിലും ഹോസ്റ്റലുകളിലും നിരോധനം ഏര്‍പ്പെടുന്നത്. കേന്ദ്ര മാവനശേഷി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കുട്ടികളിലും യുവാക്കളിലും അമിതമായിക്കൊണ്ടിരിക്കുന്ന ജങ്ക് ഫുഡ് ഉപയോഗം വിലക്കാന്‍ യു ജി സി നിര്‍ദേശം നല്‍കിയത്.

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനിതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും യു ജി സി നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിനും ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനുമാണ് കേന്ദ്ര മാവനശേഷി മന്ത്രാലയം അടിയന്തിര ഇടപെല്‍ നടത്തിയിരിക്കുന്നത്. കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്നത് നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ജങ്ക് ഫുഡുകളുടെ നിര്‍മാണവും വിപണനവും സംസ്ഥാനത്ത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ടപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്ക് ഫൗണ്ടേഷന്‍ നിവേദനം നല്‍കി. ഇക്കാര്യത്തില്‍ തുടര്‍ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശവും നല്‍കി.

കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായും കാന്‍സറും ഹൃദ്രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. കുട്ടികളില്‍ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോള്‍ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകുന്നു. 10-15 വയസ്സില്‍ത്തന്നെ രക്തസമ്മര്‍ദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായി. കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം നടത്തിയത്.

ഫാസ്റ്റ് ഫുഡ് സംസ്‌കാരം വേഗം പടര്‍ന്നുപിടിക്കുന്ന നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്. കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ ആര്‍ അജിരാജകുമാര്‍, പ്രീത് തോമസ് തുരുത്തിപ്പള്ളി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *