കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽക്കൊയ്ത്ത്. 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്‌റഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടി. കാനഡയുടെ ലച്ച്‌ലൻ മക്‌നീലിയെ തോൽപ്പിച്ചാണ് ബജ്‌റംഗ് സ്വർണം ഇടിച്ചിട്ടത്. കാനഡയുടെ അന ഗൊഡീനസിനെയാണ് സാക്ഷി മാലിക്ക് തോൽപ്പിച്ചത്.
2021 ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായ ബജ്‌റഗ് പൂനിയയുടെ, കോമൺവെൽത്ത് ഗെയിംസിലെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്‌റംഗിന്റെ പേരിലുണ്ട്. 2016 റിയോ ഒളിംപിക്‌സിൽ വെങ്കൽ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്ക്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം എട്ടായി.
അതേസമയം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജംപിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മലയാളി താരം മുരളി ശ്രീശങ്കറിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ശ്രീശങ്കറിന്റെ മെഡൽ ഏറെ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ ഇന്ത്യ മെഡൽ നേടുന്നത്. അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.