പി എസ് ശ്രീധരന്‍പിള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്‍; പ്രഖ്യാപനം നാളെ

Latest News

 

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പി എസ് ശ്രീധരന്‍പിള്ളയെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അമിത് ഷായുടെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ബി ജെ പി കേരള ഘടകത്തെ വരിഞ്ഞുമുറുക്കിയ ഗ്രൂപ്പ് വൈര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനിടെയാണ് ശ്രീധരന്‍പിള്ളയെ വീണ്ടും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് അവരോധിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് ശ്രീധരന്‍പിള്ള ബി ജെ പി കേരള ഘടകം പ്രസിഡന്റാക്കുമെന്ന് ശബ്ദഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംഘടനാ പ്രവര്‍ത്തനത്തിന് ബി ജെ പി തുടക്കം കുറിച്ചുകഴിഞ്ഞു. മേഖലാ ജാഥകള്‍, പഞ്ചായത്തകള്‍ തോറും കുടുംബയോഗങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് ബി ജെ പിയും എന്‍ ഡി എയും കൂടുതല്‍ ശക്തിസമാഹരണത്തിന് നീക്കം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോഡ് ലോകസഭാ മണ്ഡലങ്ങളില്‍ വിജയം നേടുന്നതിനുള്ള സ്ഥാനാഥികളെയും ചിട്ടയായ പ്രവര്‍ത്തനവുമാണ് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുന്നത്. സിനിമാ ഉദ്യോഗസ്ഥ രംഗങ്ങില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധി പേരെ സ്ഥാനാര്‍ഥികളാക്കാനുള്ള അന്തിമഘട്ട ചര്‍ച്ചകളാണ് കേരളവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഗ്രൂപ്പുകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനൊപ്പം ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വവും ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിന് വന്നുചേര്‍ന്നിരിക്കുന്നു.

ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍പിള്ളയ്ക്ക് ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനവും പാര്‍ട്ടിക്കുള്ളില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതനാണെന്ന മുന്‍ഗണനയുമാണ് സംസ്ഥാന പ്രസിഡന്റാവാന്‍ വഴിതുറന്നത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള ആത്മബന്ധവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള മുസ്ലിം സമുദായ നേതാക്കളുമായി വര്‍ഷങ്ങളായുള്ള സ്നേഹ ബന്ധം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ശ്രീധരന്‍പിള്ളയ്ക്കുള്ള പൊതു സ്വീകാര്യതയും ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശ്രീധരന്‍പിള്ളയെ പാര്‍ട്ടിയുടെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാന്‍ അമിത് ഷാക്ക് ശക്തിപകരുന്ന ഘടകങ്ങളാണ്. വെള്ളാപ്പള്ളി നടേശനുമായും വര്‍ഷങ്ങളായി ശ്രീധരന്‍പിള്ളയ്ക്ക് വ്യക്തപരമായ അടുപ്പമുണ്ട്. എന്‍ ഡി എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി ഡി ജെ എസിനെ അനുനയിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി രണ്ടാം തവണയും അങ്കത്തിനിറങ്ങിയ ശ്രീധരന്‍പിള്ളക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് പാര്‍ട്ടി ദേശീയ നേതൃത്വം. മിസോറാം ഗവര്‍ണറായി നിയമിതനായ കുമ്മനം രാജശേഖരന് പകരക്കാരനെ കണ്ടെത്താന്‍ വിവിധ തലങ്ങളില്‍
കൂടിയാലോചനകള്‍ നടത്തിയെങ്കിലും വി മുരളീധരന്‍-പി കെ കൃഷ്ണദാസ് പക്ഷങ്ങള്‍ നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന ബി ജെ പി സംസ്ഥാന സമിതി യോഗത്തിലും സമാനമായ രംഗങ്ങളാണ് കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ അരങ്ങേറിയത്. ഈ പശ്ചാത്തലത്തിലാണ് പി എസ് ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അവരോധിച്ച് പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരെ നിയന്ത്രിക്കാന്‍ അമിത് ഷാ ആലോചന തുടങ്ങിയത്. മികച്ച നിയമ പണ്ഡിതന്‍ കൂടിയായ ശ്രീധരന്‍പിള്ള 70 ഓളം പുസ്തകങ്ങളുടെ രചയിതാവാണ്. പൊതുപ്രവര്‍ത്തന രംഗത്തെ മികവിനും നിയമരംഗത്തെ പാണ്ഡിത്യത്തിനും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വെണ്‍മണി സ്വദേശിയായ ശ്രീധരന്‍പിള്ള കോഴിക്കോടാണ് കുടുംബസമേതം താമസം. ഭാര്യ. അഡ്വ. റീത്ത. മക്കള്‍. അഡ്വ. അര്‍ജ്ജുന്‍ ശ്രീധന്‍, ഡോ. ആര്യ.

Leave a Reply

Your email address will not be published. Required fields are marked *