വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തില്ല; യെച്ചൂരിയുടെ വിരട്ടലില്‍ മനംമാറ്റവുമായി രാഹുല്‍ ഗാന്ധി

Latest News

 

* കേരള നേതാക്കൾക്ക് ഹൈക്കമാൻഡ് താക്കീത്

* രാഹുലിന്റെ മത്സരം അമേഠിയിൽ നിന്ന്

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തില്ല. സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിരട്ടല്‍ ഫലം കണ്ടു. ഇടതുപാര്‍ട്ടികളുടെ അസ്ഥിവാരം തോണ്ടിയുള്ള രാഷ്ട്രീയ നീക്കത്തിന് മുതിര്‍ന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കനത്തവില നല്‍കേണ്ടിവരുമെന്ന് രാഹുലുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള യെച്ചൂരിയുടെ കര്‍ശന താക്കീതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ മനംമാറ്റത്തിന് വഴിവെച്ചത്. സിറ്റിംഗ് മണ്ഡലമായ അമേഠിയില്‍ നിന്നും വീണ്ടും ജനവിധി തേടാനാണ് രാഹുലിന്റെ തീരുമാനം. ഇതിനിടെ വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ പേര് വയനാട്ടിലേക്ക് വലിച്ചിഴച്ചെന്ന ആക്ഷേപവും വിവിധ തലങ്ങളില്‍ ഉയരുന്നു.

കോടികള്‍ വലിച്ചെറിഞ്ഞുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പോക്കറ്റില്‍ കാശില്ലാതായതോടെ സംസ്ഥാനത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും താഴെത്തലങ്ങളില്‍ കാര്യമായുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് ഇഴഞ്ഞു നീങ്ങുന്നത്. ഇതിനിടെ സീറ്റ് വീതംവെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ എ ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ശീതയുദ്ധവും പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ കാരണമായി. ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമാണ് വയനാടന്‍ ചുരം കയറി രാഹുല്‍ മത്സരിക്കാന്‍ എത്തുമെന്ന കോലാഹലങ്ങള്‍ക്ക് പിന്നിലുള്ളതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പി സി സികളോട് എ ഐ സി സി ചോദിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ മറപിടിച്ച് കേരളത്തിലേക്ക് മത്സരത്തിന് രാഹുല്‍ എത്തുമെന്ന് ചിലകേന്ദ്രങ്ങള്‍ മനപൂര്‍വ്വം പ്രചരണം അഴിച്ചുവിടുകയായിരുന്നുവെന്ന് രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ള നീരസം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെ ദൂതന്‍ മുഖാന്തിരം കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിക്കുകയും ചെയ്തു. വയനാട്ടില്‍ രാഹുല്‍ എത്തുമെന്ന പ്രസ്താവനകളുമായി ഇനി രംഗത്ത് വരരുതെന്ന കര്‍ശന താക്കീതും സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ബി ജെ പിക്ക് വോട്ടു അഭ്യര്‍ഥിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കളം നിറഞ്ഞതോടെ പരമ്പരാഗതമായി കോണ്‍ഗ്രസിനും യു ഡി എഫിനും ലഭിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷ സമുദായാംഗങ്ങളുടെ വോട്ട് ബാങ്കുകളില്‍ കാര്യമായി വിള്ളല്‍ ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് കേരളത്തില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും വിശ്വാസങ്ങളുടെ പേരില്‍ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുമ്പോള്‍ എക്കാലത്തെയും യു ഡി എഫിന്റെ വോട്ടുബാങ്കായ ന്യൂനപക്ഷങ്ങളുടെ വലിയൊരു വിഭാഗം ഇടതുപക്ഷത്തേക്ക് ചായുമെന്ന ആശങ്കയും വടക്കന്‍ ജില്ലകളില്‍ നിന്നുള്ള സമീപകാല സംഭവങ്ങള്‍ ഐക്യമുന്നണി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ അതീജീവിക്കാന്‍ രാഹുലിനെ ഏതുവിധേനയും കേരളത്തില്‍ മത്സരിപ്പിക്കണമെന്ന രഹസ്യ അജണ്ടയുമായി ഒരുവിഭാഗം രംഗത്തുവരികയായിരുന്നു. എന്നാല്‍ ബി ജെ പിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്ന സി പി എമ്മിനെയും ഇടതുപാര്‍ട്ടികളെയും വെല്ലുവിളിക്കാന്‍ കേരളത്തിലേക്ക് പോകേണ്ടെന്ന് സീതാറാം യെച്ചൂരി വയനാടന്‍ മത്സര ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. നരേന്ദ്ര മോദിക്കെതിരെ യു പി എയുടെ കീഴില്‍ 26 ഓളം പ്രാദേശിക പാര്‍ട്ടികള്‍ അണിനിരന്നെങ്കിലും രാഹുലിന്റെ നേതൃത്വം അംഗീകരിക്കാന്‍ ഡി എം കെ അടക്കം വിരലിലെണ്ണാവുന്ന ചില പാര്‍ട്ടികള്‍ മാത്രമാണ് ഇനിയും തയ്യാറായിരിക്കുന്നത്.

ഇത്തരം വെല്ലുവിളികള്‍ക്കിടയിലും മോദിക്കെതിരെ പടനയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന ശൈലിയാണ് കൈകൊള്ളുന്നത്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സി പി എമ്മിന് കേരളത്തില്‍ പരമാവധി സീറ്റുകളില്‍ വിജയം കൊയ്യാനായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി പോലും ഇല്ലാതാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിനെ സംബന്ധിച്ച് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നതിനുള്ള പരീക്ഷണം കൂടിയാണ്. നിരവധി പ്രതിസന്ധികള്‍ക്ക് ഇടയിലൂടെ തുഴഞ്ഞുനീങ്ങുന്ന സി പി എമ്മിനെ ഇല്ലാതാക്കാന്‍ രാഹുല്‍ മുന്നിട്ടിറങ്ങരുതെന്ന സീതാറാം യെച്ചൂരിയുടെ അഭ്യര്‍ഥന മാനിച്ചാണ് രാഹുല്‍ കേരളത്തിലേക്കുള്ള മത്സരമോഹം ഉപേക്ഷിക്കാന്‍ വഴിവെച്ചതെന്നതാണ് ഏറെ കൗതുകരമായ പിന്നാമ്പുറ രാഷ്ട്രീയം.

Leave a Reply

Your email address will not be published. Required fields are marked *