ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടക്കും. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ ആറു വര്‍ഷത്തെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കുന്ന ഒഴിവുകളാണിത്.
എന്നാല്‍ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പത്രക്കുറിപ്പില്‍ മൗനം പാലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് രാജ്യസഭാ ഒഴിവുകളും രണ്ടു പ്രത്യേക വിജ്ഞാപനങ്ങളായി പ്രത്യേകം പ്രത്യേകം ഒരേ സമയം നടത്തുമെന്നായിരുന്നു പ്രതീക്ഷ. കാലാവധി പൂര്‍ത്തിയാകുന്ന മൂന്നു സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒരു സീറ്റും ജയിക്കാനാകും.
ഏപ്രില്‍ 12ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. അന്നു വൈകുന്നേരം അഞ്ചിന് വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും. ഏപ്രില്‍ 16ന് തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്മീഷന് വിശദീകരിച്ചു. മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി അബ്ദുള്‍ വഹാബിനെ വീണ്ടും മുന്‍കൂട്ടി പ്രഖ്യാപിച്ചതു കോണ്‍ഗ്രസിനെ വെട്ടിലാക്കും. യുഡിഎഫില്‍ ലീഗിന്റെ മേധാവിത്വം ഉണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാകും അത്തരമൊരു തീരുമാനം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ ഒഴിവില്‍ പകരം മറ്റൊരു കോണ്ഗ്രസുകാരന് സീറ്റു നല്‍കിയില്ലെങ്കില്‍ അതു വലിയ വിവാദമായേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, എം.എം. ഹസന് തുടങ്ങി അര ഡസനിലേറെ പേരാണ് രാജ്യസഭാ സീറ്റു കിട്ടാനായി കാത്തിരിക്കുന്നത്.