പരിയാരം: കോണ്‍ട്രാക്ടറെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ബാങ്ക് ഉദ്യോഗസ്ഥ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി എന്‍.വി. സീമയാണ് അറസ്റ്റിലായത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ച രാവിലെ തള്ളിക്കളഞ്ഞ ഉടന്‍ തന്നെ പരിയാരം എസ്ഐ കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 18നാണ് അയല്‍ക്കാരനും ബന്ധുവുമായ പി.വി. സുരേഷ് ബാബുവിനെ(52) വധിക്കാന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചത്. കടം വാങ്ങിയ പണം തിരികെ തരാതിരുന്നതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റവകയിലുള്ള കമ്മീഷന് തരാതിരുന്നതും മകനു ബൈക്കപകടം സംഭവിക്കാന്‍ കാരണക്കാരനായതും സുരേഷ് ബാബു ആണെന്നുള്ളത് ഇയാളോട് വൈരാഗ്യമുണ്ടാകാന്‍ കാരണമായെന്ന് സീമ പോലീസിനോട് പറഞ്ഞു. സീമയെ പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കുറ്റങ്ങളെല്ലാം സീമ സമ്മതിച്ചതായി പോലീസ് പറഞ്ഞു.