എ കെ ആന്റണി കോണ്‍ഗ്രസിന്റെ അമരത്തേക്ക്; പേര് നിര്‍ദേശിച്ചത് സോണിയാ ഗാന്ധി

Latest News

 

√ ഔദ്യോഗിക പ്രഖ്യാപനം രാഹുല്‍ ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍

√ കോണ്‍ഗ്രസിലെ വിമതനേതാക്കള്‍ക്കെതിരെ നടപടി വരുന്നു

√ പാര്‍ട്ടിയില്‍ നിന്നും അകന്നുപോയവരെ തിരികെ എത്തിക്കാന്‍ നീക്കം

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും സ്വയം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് എ കെ ആന്റണി എത്തുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് നാഥനില്ലാതായതോടെ ദിവസങ്ങളായി പാര്‍ട്ടി നേതാക്കളിലും അണികളിലും ആശയകുഴപ്പം തുടരുന്നതിനിടെയാണ് ആന്റണിയെ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി നിര്‍ദേശിച്ച് സോണിയാ ഗാന്ധി രംഗത്ത് എത്തിയത്. അതേസമയം, പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചതായാണ് സൂചന. ലണ്ടനില്‍ സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ മടങ്ങിയെത്തിയാലുടന്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് ആന്റണിയെ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി പ്രഖ്യാപിക്കും.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കുകയാണ്. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകളും സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നീ നടപടിക്രമങ്ങള്‍ക്ക് ശേഷം ഒരുമാസത്തിലധികം നീളുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആന്റണിയില്‍ വന്നുചേരുക. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ ഭരണം കൈവിട്ടതോടെ മിക്ക സ്ഥലങ്ങളിലും നേതാക്കള്‍ തമ്മിലുള്ള പ്രാദേശിക ഗ്രൂപ്പ് പോരും വടംവലിയും രൂക്ഷമായത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാര്‍ട്ടി അധികാരം കൈയ്യാളുന്ന പഞ്ചാബ്, രാജ്യസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മുമ്പെങ്ങുമില്ലാത്ത വിഭാഗീയത പാര്‍ട്ടിയെ വരിഞ്ഞുമുറിക്കിയിരിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒമ്പതോളം സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഒരൊറ്റ സ്ഥാനാര്‍ഥികളെപ്പോലും വിജയിപ്പിക്കാന്‍ കഴിയാതെ വട്ടപൂജ്യമായി മാറിയതിന്റെ കാരണം കണ്ടെത്താനാവാതെ പാര്‍ട്ടി നേതൃത്വം ആശയകുഴപ്പത്തിലാണ്. ഇത്തരത്തില്‍ പത്മവ്യൂഹത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടമായ ജനവിശ്വാസം കണ്ടെത്തുവാനുള്ള തിരക്കിട്ട ശ്രമങ്ങളും കൂടിയാലോചനകളുമാണ് എ കെ ആന്റണിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും പ്രത്യേകിച്ച് ഗാന്ധി കുടുംബവുമായി മാനസികമായി ഏറെ അടുപ്പമുള്ള മുതിര്‍ന്ന നേതാവായാണ് എ കെ ആന്റണി അറിയപ്പെടുന്നത്. കോണ്‍ഗ്രസിന്റെ അമരത്ത് ആന്റണി എത്തുന്നതോടെ പാര്‍ട്ടിയിലെ നിലവിലെ വിഭാഗീയതകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അയവുവരുത്തുമെന്ന കണക്കുകൂട്ടലിലാണ് സോണിയാ ഗാന്ധി.

വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും ഭിന്നിച്ചുപോയവരെ തിരികെ മാതൃസംഘടനയില്‍ എത്തിക്കുന്നതിനുള്ള തിരക്കിട്ട ദൗത്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആന്റണി ആലോചിക്കുന്നതായാണ് വിവരം. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാംഗവുമാണ് ആന്റണി. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ അഴിമതിക്കെതിരായ പ്രതിഛായ പ്രതിപക്ഷ പാര്‍ട്ടികളുടെ പോലും വിശ്വാസം നേടാന്‍ വഴിവെച്ചിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലങ്ങളിലും തന്റേതായ നിലപാടുകളും തീരുമാനങ്ങളും കൈമോശം വരാതെ സൂക്ഷിച്ചിരുന്ന നേതാവാണ് ആന്റണി.

ഇതിനിടെ ആന്റണിയുടെ പുതിയ സ്ഥാനലബ്ദിക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം സോഷ്യല്‍ മീഡിയകളെ ഉപയോഗിച്ച് വ്യാജ പ്രചരണങ്ങള്‍ക്ക് മുതിര്‍ന്നത് പാര്‍ട്ടി ദേശീയ നേതൃത്വം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്തപരാജയത്തിന് കാരണം ആന്റണിയുടെ നിലപാടുകളാണെന്ന് തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന നിലപാടിലാണ് ആന്റണിയും.  പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍ ഇരുന്നുകൊണ്ട് കോണ്‍ഗ്രസിനെതിരെ പടനയിക്കുന്ന നേതാക്കളെ കണ്ടെത്തി ശക്തമായ നടപടി വേണമെന്ന പൊതുവികാരം ഗാന്ധി കുടുംബവുമായി അടുപ്പമുള്ള നേതാക്കള്‍ക്കുള്ളതായും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *