സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം; തിരുവനന്തപുരത്ത് സ്‌റ്റോക്കുള്ളത് 25,000 പേര്‍ക്ക് മാത്രം

Kerala Latest News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിനും ക്ഷാമം അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ എത്രയും വേഗം എടുത്തുതീര്‍ക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്‌സിന്‍ ക്ഷാമം. രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവശ്യത്തിന് വാക്സിന്‍ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം മേഖലയിലാണ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്സിന്‍ മാത്രമാണ്. രണ്ട് ദിസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമായില്ലെങ്കില്‍മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 45 വയസിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് വാക്സിന്‍ ക്ഷാമം കൂടെയെത്തുന്നത്. കേന്ദ്രത്തോട് കഴിഞ്ഞ ദിവസം തന്നെ കൂടുതല്‍ ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *