കൊടിക്കുന്നില്‍ സുരേഷ് എ ഐ സി സി വര്‍ക്കിംഗ് പ്രസിഡന്റ്; പ്രഖ്യാപനം നാളെ

Latest News

 

√ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും

√ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എ കെ ആന്റണി സ്വയം പിന്‍മാറി

√ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ജന്‍രക്ഷാ യാത്രക്ക് രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നു

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കൂടുതല്‍ കാലം അംഗമായ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസിന്റെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കും. ഏഴുതവണ പാര്‍ലിമെന്റില്‍ അംഗമായ കൊടിക്കുന്നില്‍ നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ്. ദളിത് സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയെന്ന പരിഗണനയും കൊടിക്കുന്നിന്റെ പുതിയ സ്ഥാനലബ്ദിക്ക് പിന്നിലുണ്ടെന്നാണ് സൂചന. ഹൈക്കമാന്‍ഡ് പ്രഖ്യാപനം നാളെയുണ്ടാകും. ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, ദേശീയതലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാന്‍ മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് മേല്‍ രാജ്യത്തെ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളുടെ സമ്മര്‍ദ്ദം ഫലം കണ്ടിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഒരുവേള എ കെ ആന്റണിയെ ദേശീയ അധ്യക്ഷനാക്കാന്‍ സോണിയ ഗാന്ധി നടത്തിയ നീക്കങ്ങളില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി സ്വയം പിന്‍മാറുകയും ചെയ്തു.

ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വന്ന കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് മാത്രമേ കഴിയുവെന്ന പാര്‍ട്ടി നേതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്നാക്കം പോകാന്‍ രാഹുല്‍ തീരുമാനിച്ചത്. ഇതിനിടെ, രാജ്യത്ത് നിലനില്‍പ്പിനായുള്ള പോരാട്ടം തുടരുന്ന കോണ്‍ഗ്രസിനെ വാര്‍ഡ് തലം മുതല്‍ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യവ്യാപകമായി ജന്‍രക്ഷാ യാത്ര എന്ന പേരില്‍
വാഹനജാഥ നടത്താനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍ ഗാന്ധി. പാര്‍ലിമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ രാഹുലിന്റെ ഭാവിപരിപാടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

എ ഐ സി സിയിലും സംസ്ഥാന പി സി സികളിലും വിപുലമായ അഴിച്ചുപണികള്‍ നടത്തുന്ന കാര്യവും രാഹുലിന്റെ മനസ്സിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമായ നേതാക്കളുടെ ഗ്രൂപ്പ് പോരും പടലപ്പിണക്കങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ഫോര്‍മുലകളും ഹൈക്കമാന്‍ഡിന്റെ മുന്നിലെ പ്രധാന വെല്ലുവിളിയായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *