ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ?

Latest News

ആര്‍ അജിരാജകുമാര്‍

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ പ്രചരണത്തിന് എത്തിക്കാന്‍ ബി ജെ പി നീക്കം. കേരളത്തില്‍ ലക്ഷണക്കണക്കിന് ആരാധകരുള്ള സച്ചിനെ പ്രചരണത്തിന് എത്തിച്ച് കൂടുതല്‍ മണ്ഡലങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനാണ് ബി ജെ പി ദേശീയ നേതാക്കളുടെ ആലോചന. സംസ്ഥാനത്തെ 25 നിയമസഭാ മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി ആലോചിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സച്ചിന്റെ വരവ് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍. രണ്ടാം സ്ഥാനത്ത് എത്തുവാന്‍ ബി ജെ പിക്ക് കഴിയുന്ന നിയമസഭാ മണ്ഡലങ്ങളില്‍ സച്ചിന്‍ അടക്കം കൂടുതല്‍ താരപ്രചാരകരെ കളത്തിലിറക്കി വിജയം ഉറപ്പിക്കാനാണ് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സച്ചിന് പുറമെ ബി ജെ പിയുടെ ഡല്‍ഹിയില്‍ നിന്നുള്ള എം പികൂടിയായ ഗൗതം ഗംഭീര്‍, സൗരവ് ഗാംഗുലി അടക്കമുള്ള താരങ്ങളെയും കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കടിഞ്ഞാന്‍ ഏല്‍പ്പിക്കാന്‍ പാര്‍ട്ടി പരിപാടികള്‍ തയ്യാറാക്കിവരികയാണ്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണം പിടിച്ചിട്ടും കേരളത്തില്‍ പാര്‍ട്ടിക്ക് കാര്യമായ വേരോട്ടം ഉണ്ടാക്കാന്‍ കഴിയാത്തത് കേന്ദ്ര നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. നേതാക്കള്‍ക്കിടയിലെ അനൈക്യവും ഗ്രൂപ്പ് ചേരിപ്പോരും കാരണം വിജയം ഉറപ്പായ മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്നുവെന്ന വിലയിരുത്തലിലാണ് അമിത് ഷായും സംഘവും. ബി ജെ പി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറാകുന്നില്ലെന്ന നിരീക്ഷണവും കേന്ദ്ര നേതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു മണ്ഡലങ്ങളില്‍ കൂടുതല്‍ സ്വാധീനമുള്ള താരപ്രചാരകരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ച് കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

കൊച്ചി കുണ്ടന്നൂരിലെ പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സില്‍ സച്ചിന്റെ പേരില്‍ വീടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ സച്ചിന്റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തില്‍ വീട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ട്വീറ്ററിലൂടെ പ്രതീകരിച്ചത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കാനും ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്‍ക്കാമെന്നുമാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. കര്‍ഷക സമരത്തോട് നേരിട്ട് പരാമര്‍ശങ്ങളൊന്നും ട്വീറ്റിലില്ലായിരുന്നുവെങ്കിലും കര്‍ഷക സമരത്തിനെതിരായ സച്ചിന്റെ പ്രതീകരണം എന്ന വ്യാഖ്യാനം വന്നതോട് നിരവധി പ്രതിഷേധ സ്വരങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ശബരിമലവിഷയത്തില്‍ വിശ്വാസിസമൂഹത്തില്‍നിന്നുണ്ടായ പ്രതികരണംപോലും വോട്ടാക്കുന്നതില്‍ കേരളനേതൃത്വം പരാജയപ്പെട്ടത് ബി ജെ പി കേന്ദ്ര നേതൃത്വത്തെയും അലോസരപ്പെടുത്തുന്നു. വര്‍ഷങ്ങളായി സംസ്ഥാനതലത്തിലെ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പുയുദ്ധമാണ് സംഘടനയെ എങ്ങുമെത്താത്ത നിലയിലേക്ക് കൊണ്ടുപോകുന്നതെന്നാണ് അനുഭാവികളുടെ വിലയിരുത്തല്‍. ത്രിപുരയില്‍പ്പോലും ബി ജെ പി ഭരണംപിടിച്ചപ്പോള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ നിരാശ മറച്ചുവെക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍പ്പോലും കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാന്‍ സംസ്ഥാന ബി ജെ പിക്കുകഴിയാത്തത് ഗ്രൂപ്പ് വടംവലി കാരണമാണെന്ന് മുന്‍കാലപ്രവര്‍ത്തകരും പറയുന്നു.

ഇരുമുന്നണിയും മിക്കസ്ഥലത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ബി ജെ പി പല സ്ഥലത്തും ഇപ്പോഴും സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലാണ്. ശോഭാ സുരേന്ദ്രനും പി.എം. വേലായുധനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിനേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങുന്നതും ചില പ്രാദേശികനേതാക്കള്‍ സി പി എം ഉള്‍പ്പെടെയുള്ള കക്ഷികളിലേക്ക് കൂടുമാറുന്നതും ഇത്തരം ഗ്രൂപ്പ് കളികളുടെ തുടര്‍ച്ചയാണെന്ന് മുന്‍കാലനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *