മലമ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍, ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം വ്യക്തമാക്കി.
സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സിപിഐ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മേഖലയില്‍ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട ഷാജഹാനൊപ്പം ഒരു കൊലക്കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റൊരാളും അക്രമി സംഘത്തിനൊപ്പമുണ്ടായിരുന്നു. ഷാജഹാനെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാക്കുന്നതിന് എതിരെ ബ്രാഞ്ച് സമ്മേളനത്തില്‍ നിന്നും ചിലര്‍ ഇറങ്ങിപ്പോകുകയും ഇതില്‍ ചിലര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്.