gulf fruts stall

ഗൾഫിലെ പഴം, പച്ചക്കറി നിരോധനം; കേരളത്തിന്റെ നഷ്​ടം പാകിസ്​താന്​ ലാഭം

Gulf

ജിദ്ദ: നിപ രോഗബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ ലാഭമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വരുന്ന കുറവ് ഗള്‍ഫില്‍ നികത്താന്‍ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് വഹീദ് അഹമദിനെ ഉദ്ധരിച്ച് അറബ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നനിപ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ കുവൈത്താണ് ആദ്യം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്. പിന്നാലെ യു.എ.ഇയും ബഹ്‌റൈനും ഒടുവില്‍ സൗദി അറേബ്യയും സമാന നടപടി സ്വീകരിച്ചു. പ്രതിദിനം കുറഞ്ഞത് 150 ടണ്‍ പഴം, പച്ചക്കറികളാണ് ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്ന് എത്തുന്നത്. ഈ കുറവ് നികത്തുന്നതിനൊപ്പം ഈ വര്‍ഷം വന്‍ വിളവുണ്ടായ ഉരുളക്കിഴങ്ങ്, സവാള, മുളക് എന്നിവയും അധികം കയറ്റി അയക്കാനാണ് പാകിസ്താന്റെ പദ്ധതി. നിലവില്‍ വന്‍തോതില്‍ മാങ്ങ ഗള്‍ഫിലേക്ക് അയക്കുന്നുണ്ടെന്നും നിരോധനത്തിന്റെ പശ്ചാത്തലത്തിലും അതും ഇരട്ടിയാക്കുമെന്നും വഹീദ് അഹമദ് കൂട്ടിച്ചേര്‍ത്തു.