റിയാദ്: ലോകത്തെ ഏറ്റവും ജിവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സൗദി തലസ്ഥാനമായ റിയാദ് 60ാം സ്ഥാനത്ത്. ആഗോള സാമ്പത്തിക സ്ഥാപനമായ യു.ബി.എസ് നടത്തിയ പഠനത്തിലാണ് റിയാദിലെ ഉയര്‍ന്ന വിലസൂചികയും വാങ്ങല്‍ശേഷിയും വരുമാനനിരക്കും വ്യക്തമാവുന്നത്. ആഗോള വിലസൂചികയില്‍ 60ാം സ്ഥാനത്തുള്ള റിയാദ് ജനങ്ങളുടെ ശരാശരി വരുമാന നിരക്കിന്റെ കാര്യത്തില്‍ 39 ാം സ്ഥാനത്തും, വാങ്ങല്‍ ശേഷിയുടെ കാര്യത്തില്‍ 24ാം സ്ഥാനത്തുമാണുള്ളത്. ഇവിടെ 24.5 മിനിട്ട് ജോലിചെയ്താല്‍ ഒരു ‘ബിഗ് മാക് ബര്‍ഗര്‍’ വാങ്ങാം. 130.2 മണിക്കൂര്‍ അതായത് ഏകദേശം ആറ് ദിവസം ജോലി ചെയ്താല്‍ ഐ ഫോണ്‍ 10′ വാങ്ങാം. 52.6 മിനുട്ട് ജോലി ചെയ്താല്‍ പുരുഷന് മുടിവെട്ടാനുള്ള കാശ് കണ്ടെത്താം. സ്ത്രീകള്‍ക്ക് ബ്യൂട്ടിപാര്‍ലറില്‍ പോയി ഹെയര്‍കട്ടിങ് നടത്താന്‍ 161 മിനിട്ട് ജോലി ചെയ്യണം. ഈ രീതിയിലാണ് യു.ബി.എസിന്റെ പഠനം. ന്യൂയോര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് വിവിധ രാജ്യങ്ങളുടെ താരതമ്യപഠനം.
60 ദശലക്ഷം ജനങ്ങളാണ് റിയാദില്‍ താമസിക്കുന്നത്. ഇതില്‍ 35 ശതമാനവും വിദേശികളാണ്. ലോകത്തെ 77 നഗരങ്ങളെയാണ് യു.ബി.എസ് പഠനവിധേയമാക്കിയത്. ജനങ്ങളുടെ വരുമാന മാര്‍ഗം, വാങ്ങല്‍ ശേഷി എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. വാര്‍ഷികാവധിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലോകത്തിലെ നാല് നഗരങ്ങളില്‍ ഒന്നാണ് റിയാദ്. റിയാദ്, മോസ്‌കോ, സന്റെ് പീറ്റേഴ്‌സ്ബര്‍ഗ്, ബാഴ്‌സലോണ നഗരങ്ങളാണ് അവധിക്കാലത്തില്‍ മുന്നില്‍. 37 ദിവസം ഒഴിവുകാലമാണിവിടെ. ന്യൂദല്‍ഹിയില്‍ 21 ദിവസമാണിത്, മൂംബൈയില്‍ ഇത് 42 ദിവസവും. ലോസ് എഞ്ചല്‍സ്, ബെയ്ജിങ് തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങളുടെ അവധിക്കാലം വളരെ കുറവാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് ആണ് ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഈജിപ്തിലെ കെയ്‌റോ എറ്റവും ചെലവ് കുറഞ്ഞ നഗരമാണ്. വാങ്ങല്‍ ശേഷിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ലോസ് ഏഞ്ചല്‍സുകാരാണ്. നൈജീരിയയിലെ ലാഗോസുകാരാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ എന്ന് യു.ബി.എസ്പഠനം പറയുന്നു.