തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വാരാന്ത്യങ്ങളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വരുന്ന 24, 25 ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാരാന്ത്യത്തില്‍ തിരക്ക് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില ഒരുസമയം 50 ശതമാനമാക്കാനും യോഗത്തില്‍ തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങളും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാകും ഉണ്ടാകുക.
സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും. രോഗവ്യാപനം കൂടുതല്‍ ഉള്ള മേഖലകളെ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ച് കര്‍ശന പരിശോധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല.