തിരുവനന്തപുരം: പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാല്‍ നശിക്കുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ശക്തമായി തിരിച്ചുവരുമെന്നും കെ. മുരളീധരന് എം.പി. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്കും സന്തോഷമെന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേയും മുരളീധരന് വിമര്‍ശനം നടത്തി. തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. സമുദായ സംഘടനകള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവരെ കല്ലെറിയുന്ന സമീപനമാണ് സിപിഎം വച്ചു പുലര്‍ത്തുന്നത്. ബംഗാളിലെ ഫലമെന്തായെന്നും മുരളീധരന് ചോദിച്ചു.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എസ്ഡിപിഐയെക്കൊണ്ട് സിപിഎം പ്രചാരണം നടത്തി. എന്നാല്‍ ബിജെപി വാര്‍ഡുകളില്‍ പോലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ പ്രതിസന്ധി പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.