കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലേക്ക്

Kerala Latest News

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും. ലോക്ക്ഡൗണിന് ശേഷമാകും സന്ദർശനം.

നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്നും വി.ഡി സതീശന്റെ പേരാണ് ഉയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പി.ടി.തോമസിന്റെയും പേരുകളും ഉയരുന്നുണ്ട്. അതേസമയം ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

പ്രതിപക്ഷ സ്ഥാനം തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ആരെ പരിഗണിക്കണം എന്ന ചർച്ചയിൽ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം നിർണായകമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. കെ.സുധാകരൻ എംപിയുടെ പേരാണ് പകരം ഉയരുന്നത്. കെ.മുരളീധരന്റെ പേരും സാധ്യതയിലുണ്ട്.

തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുല്ലപ്പള്ളിയുടെ പ്രതികരണം. ഹൈക്കമാൻഡ് തീരുമാനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും എ.കെ ആന്റണിയുടെയും നിലപാട് നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *