ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ മോശം പ്രകടനം കാഴ്ചവെച്ച മന്ത്രിമാരുടെ വകുപ്പുകളില്‍ ഇളക്കിപ്രതിഷ്ഠയ്ക്ക് മുഖ്യമന്ത്രി പിണറായി ആലോചിക്കുന്നു. ചിങ്ങം ഒന്നിന് മന്ത്രിസഭയിലേക്ക് തിരികെയെത്തുന്ന ഇ പി ജയരാജന്റെ സത്യപ്രതിജ്ഞയ്‌ക്കൊപ്പം അടൂര്‍ എം എല്‍ എ സി പി ഐയിലെ ചിറ്റയം ഗോപകുമാറിനെ ചീഫ് വിപ്പാക്കാനും ധാരണയായി. ജയരാജന്‍ നേരത്തെ കൈവശം വെച്ചിരുന്ന വ്യവസായ വകുപ്പിന് പുറമെ മുഖ്യമന്ത്രിയുടെ പക്കല്‍ നിന്നും ആഭ്യന്തര വകുപ്പുകൂടി അധികമായി നല്‍കുമെന്ന് അറിയുന്നു. സംസ്ഥാനത്ത് പോലീസ് സേനയുടെ ഇടപെടല്‍ മൂലം നിരവധി വിവാദങ്ങള്‍ അടിക്കടിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജയരാജന് ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കി പോലീസ് സേനയ്ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, തദ്ദേശസ്വയം ഭരണ മന്ത്രി കെ ടി ജലീല്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവരുടെ വകുപ്പുകളില്‍ മാറ്റം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ന്യൂനപക്ഷ സമുദായാംഗമായ കെ ടി ജലീലിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയേല്‍ക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ സി മൊയ്തീന് തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ചുമതല നല്‍കും. സാംസ്‌കാരികം, പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി വകുപ്പുകളുടെ ഉത്തരവാദിത്വം സി രവീന്ദ്രനാഥ് ഏറ്റെടുക്കും. മേഴ്‌സിക്കുട്ടിയമ്മക്ക് പുതുതായി നല്‍കുന്ന വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഈമാസം 19ന് ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി 17 ദിവസങ്ങള്‍ക്ക് ശേഷമേ തിരികെയെത്തൂ. വിദേശത്തേക്ക് യാത്രയാകുന്ന പിണറായി വിജയന് തന്റെ ഔദ്യോഗിക ചുമതലകള്‍ ഏല്‍പ്പിക്കാന്‍ ഏക്കാലത്തെയും വിശ്വസ്തനായ ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് തീരുമാനിച്ചതോടെയാണ് തിരക്കിട്ട ചര്‍ച്ചകളും മന്ത്രിസഭയിലെ വകുപ്പുമാറ്റങ്ങളും സി പി എമ്മിലും ഇടതുമുന്നണിയിലും സജീവമായത്. നിലവില്‍ ഏ കെ ബാലനാണ് മന്ത്രിസഭയില്‍ രണ്ടാമന്‍.
എന്നാല്‍ ബാലന്റെ ചില ശൈലികള്‍ പിണറായിയുടെ അനിഷ്ടം സാമ്പാദിക്കാന്‍ വഴിവെച്ചിരുന്നു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിക്കുണ്ടായ സംസാരപിഴവ് തിരുത്താന്‍ ബാലന്‍ നടത്തിയ ഇടപെടല്‍ പിണറായി വിജയനെ രോക്ഷാകുലനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജനെ മന്ത്രിസഭയില്‍ തന്റെ പിന്‍ഗാമിയാക്കി പ്രഖ്യാപിച്ച് വിദേശത്ത് ചികിത്സയ്ക്ക് പോകാന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്.