രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള രണ്ടാം വരവിന് ചിങ്ങം മാസം തിരഞ്ഞെടുത്ത ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ കര്‍ക്കിക മാസത്തില്‍ തന്നെ നടത്താന്‍ സി പി എം നിര്‍ദേശം. ഈമാസം 14 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സി പി എം സംസ്ഥാന സമിതി യോഗത്തിലെ തീരുമാനം.
മന്ത്രിസഭാ പുനപ്രവേശനത്തിന് നല്ലസമയം തിരഞ്ഞെടുത്ത വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ആക്ഷേപങ്ങള്‍ വഴിവെച്ചതോടെയാണ് ചിങ്ങം ഒന്നിലെ ജയരാജന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ കര്‍ക്കിടക മാസത്തില്‍ തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സമിതിയുടെ നിര്‍ദേശം ഉച്ചകഴിഞ്ഞ് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകരിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ നിര്‍ദേശം വെച്ചു.
പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് മികച്ച മത്സരം കാഴ്ചവെക്കാന്‍ ശ്രീരാമകൃഷ്ണന്റെ ഇടപെടല്‍ സഹായകരമാകുമെന്നാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. സി പി എം സെക്രട്ടറിയേറ്റില്‍ ശ്രീരാമകൃഷ്ണന്റെ വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ മലപ്പുറത്ത് നിന്ന് കെ ടി ജലീലിനൊപ്പം ഒരാള്‍ കൂടി മന്ത്രിസഭയിലെത്തും. തദ്ദേശസ്വയം ഭരണവകുപ്പിന്റെ ചുമതല വഹിക്കുന്ന ജലീലിന്റെ വകുപ്പ് മാറ്റിനല്‍കുന്ന കാര്യവും സി പി എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തു. ശ്രീരാമകൃഷ്ണന് പകരമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ സ്പീക്കറാക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ശ്രീരാമകൃഷ്ണനെ ഏല്‍പ്പിക്കാനാണ് ധാരണ. സി പി ഐക്ക് നല്കിയ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഇ എസ് ബിജിമോളുടെ പേരാണ് സി പി എം നിര്‍ദേശിച്ചിരിക്കുന്നത്. വനിതാ പ്രാതിനിധ്യവും ഇടുക്കിയില്‍ നിന്നുള്ള അംഗമെന്ന പരിഗണനയുമാണ് ബിജിമോള്‍ക്ക് അനുകൂലഘടകം. എന്നാല്‍ ചിറ്റയം ഗോപകുമാറിന്റെ പേരാണ് സി പി ഐ പരിഗണിക്കുന്നത്.