ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയില്‍ മൂന്ന് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേർ മരിച്ചു, ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോതമ്പ് പാടത്ത് നിന്നാണ് കണ്ടെത്തിയത് കാലുകളും കൈകളും കെട്ടിയിട്ട നിലയിൽ പെൺകുട്ടികളെ.
പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുക്കള്‍ക്ക് പുല്ല് പറിക്കാനായി പോയ പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ പാടത്ത് നിന്ന് കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് ഇവരെ കൈകാലുകൾ കെട്ടിയിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വായില്‍ നിന്ന് നുര പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടികളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.