അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴു മുതലാണ് ഒന്നാം ട്വന്റി20. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ഇതേ സ്റ്റേഡിയത്തിലാണ്. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇതുവരെ 14 ട്വന്റി20 കളില്‍ ഏറ്റുമുട്ടി. ഏഴില്‍ ഇന്ത്യയും ഏഴില്‍ ഇംഗ്ലണ്ടും ജയിച്ചു. സയദ് മുഷ്താഖ് അലി ട്രോഫിയിലെ ഇവിടെ നടന്ന മത്സരങ്ങള്‍ സ്പിന്നിന് അനുകൂലമായിരുന്നു.
പരുക്കിന്റെ അകമ്പടിയോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസര്‍ ടി. നടരാജന്റെയും രാഹുല്‍ തെവാതിയയുടെയും പരുക്ക് ഭേദമായിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പരമ്പര തന്നെ നഷ്ടമായി. അരങ്ങേറാന്‍ കാത്തിരിക്കുന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ടീമിലുണ്ട്.
ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. പേസര്‍മാരില്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ഒരാള്‍ക്കും നറുക്കു വീഴും. ട്വന്റി20 യില്‍ 3000 റണ്‍ തികയ്ക്കുന്ന ആദ്യ താരമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 72 റണ്‍ കൂടി നേടിയാല്‍ കോഹ്ലി 3000 ത്തിലെത്തും. പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പരുക്കാണ് ഇംഗ്ലണ്ടിനെ പ്രധാനമായി വലയ്ക്കുന്നത്. മാര്‍ക് വുഡ്, ടോം കുറാന്‍, റീസ് ടോപ്ലെ എന്നിവരുടെ സാന്നിധ്യം ആശ്വാസമാണ്.
സാധ്യതാ ടീം: ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍/വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹാല്‍, നവദീപ് സെയ്നി.
സാധ്യതാ ടീം: ഇംഗ്ലണ്ട്: ജാസണ്‍ റോയ്, ജോസ് ബട്ട്ലര്‍, ഡേവിഡ് മാലാന്‍, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), മൊയീന്‍ അലി, സാം കുറാന്‍, ക്രിസ് ജോര്‍ദാന്‍, മാര്‍ക് വുഡ്, ആദില്‍ റഷീദ്.