സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ കോടികളുടെ ബിനാമി പണം; ഹവാലക്കാരെ പിടികൂടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീക്കം തുടങ്ങി : കേരളത്തില്‍ ആറ് ധനകാര്യ സ്ഥാപനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തില്‍

Latest News

 

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങള്‍, നിധി ലിമിറ്റഡ് കമ്പിനികളില്‍ വന്‍ തോതില്‍ ഹവാല പണം കുമിഞ്ഞുകൂടുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. കോടിക്കണക്കിന് രൂപയാണ് ഇത്തരം സ്ഥാപനങ്ങളില്‍ രാഷ്ട്രീയക്കാരും ബിസിനസ്സ് മേഖലയിലുള്ളവരും മതസാമൂഹിക രംഗത്ത് സജീവമായിട്ടുള്ള പ്രമുഖരും നിക്ഷേപിച്ചിരിക്കുന്നത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതോടെയാണ് കണക്കില്‍പ്പെടാത്ത കള്ളപ്പണവുമായി ഹവാലസംഘങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ തേടിയെത്തിയത്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ കണ്ണുവെട്ടിച്ച് നടത്തിവരുന്ന ഈ അനധികൃത ഇടപാടുകള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി നടപടി തുടങ്ങി.

കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കുമിഞ്ഞുകൂടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് അടുത്തകാലത്ത് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ സഹകരണ മേഖലയില്‍ നിന്നും കള്ളപ്പണക്കാര്‍ കൂട്ടത്തോടെ പിന്‍വാങ്ങുകയാണ്. സമാനമായ രീതിയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് ഹവാലസംഘങ്ങള്‍ക്ക് പുതിയ ആശ്രയം. സ്വര്‍ണ്ണനിക്ഷേപമായും പണമായും കോടികള്‍ നിക്ഷേപിച്ചവര്‍ക്ക് എല്ലാമാസവും കൃത്യമായ പലിശ നല്‍കിയാണ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കണക്കില്‍പെടാതെ കോടികള്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരെ പിടികൂടാന്‍ ഒരുവര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു.

ഇതിന്റെ ആദ്യപടിയായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങള്‍, നിധി ലിമിറ്റഡ് സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ഇവിടങ്ങളില്‍ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയാല്‍ ഹവാലപണം കണ്ടുകെട്ടാനും ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ക്കും ഹവാലസംഘങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനുമാണ് ആലോചന. കേരളത്തിലെ ആറ് ധനകാര്യ സ്ഥാപനങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍തോതില്‍ സ്വകാര്യ നിക്ഷേപം കുമിഞ്ഞുകൂടിയതായി കേന്ദ്ര ഏജന്‍സികളുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുറച്ചുനാളുകളായി എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റും നിരീക്ഷിച്ചുവരികയാണ്.

ബിനാമി ഇടപാടുകളിലൂടെ അനധികൃതമായെത്തിയ അനധികൃത നിക്ഷേപങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഓഹരി വിപണിയിലുമാണ് ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ കാരണം റിയല്‍ എസ്റ്റേറ്റ് രംഗം ഏറെക്കുറെ താറുമാറായിരിക്കുന്നു. കോടികള്‍ മുടക്കി വാങ്ങിയ വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കോവിഡ് കാലത്ത് കേരളത്തിലെ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്ക് നല്‍കിവരുന്ന പ്രതിമാസ പലിശ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഈ അപകടം തിരിച്ചറിഞ്ഞ ചെറുകിട നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പലിശ പോലും നല്‍കാന്‍ സാധിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ പക്കല്‍ നിന്നും കോടികള്‍ സ്വരുക്കൂട്ടിയ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങള്‍, നിധി ലിമിറ്റഡ് കമ്പിനികള്‍ക്ക് നിക്ഷേപ തുക മടക്കിനല്‍കാന്‍ കഴിയാത്ത അതിഗുരുതര പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരിയില്‍ തൊഴിലും ഉപജീവനവും നഷ്ടമായ മലയാളികളുടെ കോടിക്കണക്കിന് രൂപയാണ് കൂടിയ പലിശ ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ തട്ടിയെടുത്തത്. പെന്‍ഷന്‍ തുകയായി ലഭിച്ച പണവും വിദേശ രാജ്യങ്ങളില്‍ നിന്നും സമ്പാദിച്ച തുകയും നിക്ഷേപിച്ച കേരളത്തിലെ സാധാരണക്കാരുടെ പണവും ഇതോടെ നഷ്ടപ്പെടുന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം നിക്ഷേപകര്‍.

Leave a Reply

Your email address will not be published. Required fields are marked *