എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ
സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങള്‍ മുന്‍പു തീരുമാനിച്ചിരുന്നത്.
സിപിഐ മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യകാരണം സിപിഎമ്മിന്റെ വല്യേട്ടന്‍ കളിയാണ്. ജില്ലയിലെ ആരോഗ്യ രംഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു പ്രമേയവും പാസാക്കി. ജില്ലയിലെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി മന്ത്രി വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു.
അതേസമയം മറ്റു ജില്ലകളുടെ സമ്മേളനങ്ങളിലും സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും സമ്മേളനങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.