Modi-and-Niteesh

കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി നിതീഷിന്റെ പുതിയ കാർഷിക ക്ഷേമ​ പദ്ധതി

India

 

പാട്‌ന: മഹാസഖ്യം വിട്ട് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാര്‍ മുന്നണിയുമായി ഇടയുന്നതായി സൂചനകള്‍. ബിഹാറില്‍ തുടര്‍ച്ചയായി ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയം രുചിച്ചതിനു പിറകെയാണ് സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നിരസിച്ച നിതീഷ് സംസ്ഥാനത്തിനായി സ്വന്തം പദ്ധതി തയാറാക്കിയിരിക്കുകയാണ്. പ്രീമിയം അടക്കാതെ തന്നെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന തരത്തിലുള്ള പദ്ധതിയാണ് നിതീഷ് തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ‘ബിഹാര്‍ രാജ്യ ഫസല്‍ സഹായത യോജന’ കേന്ദ്ര സര്‍ക്കറിന്റെ ‘പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന’േയക്കള്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നിതീഷ് അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ദേശീയ- സഹകരണ ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുത്തവര്‍ക്ക് മാത്രമേ ഉപകാരപ്പെടൂ. അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സ്‌കീം എല്ലാ വിഭാഗത്തിലെയും കര്‍ഷകരെ അഭിമുഖീകരിക്കുന്നു. വായ്പ എടുക്കാത്തവര്‍ക്കും കൃഷി നാശമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കും. കേന്ദ്ര ഇന്‍ഷുറന്‍സില്‍ സംസ്ഥാനവും കേന്ദ്രവും പ്രീമിയത്തിന്റെ 49 ശതമാനവും ബാക്കി രണ്ട് ശതമാനം ഗുണഭോക്താക്കളും വഹിക്കണം.

സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട പ്രീമിയം തുകയും കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. 2016ല്‍ ബിഹാര്‍ 495 കോടി രൂപയാണ് പ്രീമിയത്തിലേക്ക് അടച്ചത്. എന്നാല്‍ കൃഷി നാശത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 221 കോടി രൂപ മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മഹാസഖ്യത്തോടെപ്പമായിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു നിതീഷ്. ഈ ഇന്‍ഷുറന്‍സ് കര്‍ഷകരെയല്ല, കമ്പനികളെയാണ് സഹായിക്കുന്നതെന്നായിരുന്നു അന്ന് നിതീഷ് അഭിപ്രായപ്പെട്ടിരുന്നത്. സഖ്യം വിട്ട് ഒരു വര്‍ഷമായപ്പോഴേക്കും കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് സ്‌കീം നിരസിച്ച് സംസഥാനത്തിന് സ്വന്തമായി സ്‌കീം തയാറാക്കിയിരിക്കുകയാണ് ജെ.ഡി.യു നേതാവ്. 20 ശതമാനം വരെ കൃഷി നാശം സംഭവിച്ചവര്‍ക്ക് ഹെക്ടറിന് 7500 വീതം നഷ്ടപരിഹാരം ലഭിക്കും.