Argentinas-football-team

പ്രതിഷേധം ഫലംകണ്ടു, അര്‍ജന്റീന ഇസ്രായേലില്‍ കളിക്കില്ല

Sports

 

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി ഇസ്രായേലില്‍ സൗഹൃദം മല്‍സരം കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. ഈ മാസം 10ന് നടത്താന്‍ തീരുമാനിച്ചിരുന്ന മല്‍സരത്തിനെതിരേ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഒപ്പം സുരക്ഷാ ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് അര്‍ജന്റീന മല്‍സരത്തില്‍ നിന്ന് പിന്‍മാറിയത്. ഇരു ഫുട്‌ബോള്‍ ഫെഡറേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കൂടാതെ മെസ്സി, മസ്‌കരാനോ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഇസ്രായേലില്‍ കൡക്കാന്‍ വിസമ്മതിച്ചതായും റിപോര്‍ട്ടുകളുണ്ട്.
ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ജറുസലേമിലെ ടെഡി സ്‌റ്റേഡിയില്‍ അര്‍ജന്റീനയുമായുള്ള ഇസ്രായേലിന്റെ മല്‍സരം ക്രമീകരിച്ചിരുന്നത്. ഇത് ഫലസ്തീന്‍ ജനതയെ പ്രതിഷേധിത്തിന് പ്രേരിപ്പിക്കുകയും സന്നാഹ മത്സരത്തിന് ഇറങ്ങിയാല്‍ മെസ്സിയുടെ ജഴ്‌സി കത്തിക്കാന്‍ പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രീല്‍ റജബ് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. അര്‍ജന്റീനയുമായുള്ള മല്‍സരം രാഷ്ട്രീയ ആയുധമാണെന്നും ഇതിനെ സൗഹൃദ മല്‍സരമായി കാണാന്‍ കഴിയില്ലെന്നും റബബ് ആരോപിച്ചു. അതേ സമയം ഇസ്രായേലിലെ ഹൈഫ നഗരത്തിന്‍ ആദ്യ തീരുമാനിച്ച മല്‍സരം പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ജറുസലേമിലേക്ക് മാറ്റുകയായിരുന്നു.