ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചതോടെ ഗ്രൂപ്പ് തിരിഞ്ഞുള്ള അവകാശവാദങ്ങളുമായി നേതാക്കള്‍ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ തുടങ്ങി. ഇന്ന് രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചകളില്‍ എ ഗ്രൂപ്പിന്റെ മുന്‍നിര പോരാളി ബെന്നി ബെഹന്നാന് വേണ്ടി ഉമ്മന്‍ ചാണ്ടി രണ്ടുകല്‍പ്പിച്ചുള്ള അവകാശവാദങ്ങളുമായി രംഗത്തുണ്ടാകും. കഴിഞ്ഞ തവണ പി ടി തോമസിന് വേണ്ടി തൃക്കാക്കര സീറ്റ് സ്ഥാനത്യാഗം ചെയ്ത ബെന്നിക്ക് ഒഴിവുള്ള രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്ന പി പി തങ്കച്ചന് പകരക്കാരനായി യാക്കോബായ സഭാംഗമായ ബെന്നി ബെഹന്നാനെ പ്രതിഷ്ഠിക്കണമെന്ന മറ്റൊരുവശ്യവും രാഹുലിന് മുന്നില്‍ ഉമ്മന്‍ ചാണ്ടി നിരത്തും. ഇതിനിടെ യു ഡി എഫ് കണ്‍വീനറായി ഏറെക്കുറെ ഉറപ്പായ കെ മുരളീധരന്റെ വരവ് ഏതുവിധേയനയും ഇല്ലാതാക്കാന്‍ രമേശ് ചെന്നിത്തല സാധ്യമായ എല്ലാ അടവുമായി ഡല്‍ഹിയില്‍ നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. രാജ്യസഭാ സീറ്റിലേക്ക് വീണ്ടുമൊരു അവസരം ചോദിച്ച് പി ജെ കുര്യന്‍ സോണിയാ ഗാന്ധിയുമായി നിരവധി തവണ ആഗ്രഹം അറിയിച്ചിരുന്നു. കുര്യന്റെ കാര്യത്തില്‍ കാര്യമായ എതിര്‍പ്പില്ലാതെ നിലനില്‍ക്കെ തലമുറമാറ്റം ആവശ്യപ്പെട്ട് കേരളത്തിലെ യുവ എം എല്‍ എമാര്‍ രംഗത്ത് എത്തിയത് രാഹുല്‍ ഗാന്ധിക്ക് കുര്യന്റെ കാര്യത്തില്‍ പുനരാലോചനക്ക് വഴിവെച്ചിരിക്കുകയാണ്. ഏ കെ ആന്റണിയുടെ പിന്തുണ കുര്യനുണ്ടെങ്കിലും പാര്‍ട്ടി ദേശീയ നേതാക്കളായ ഗുലാം നബി ആസാദ് അടക്കമുള്ള പ്രമുഖരുടെ എതിര്‍പ്പ് ഏങ്ങനെ കുര്യന്‍ മറികടക്കുമെന്നതും കാത്തിരുന്നു കാണാം. പി സി ചാക്കോയും യാക്കോബായ സഭയുടെ അക്കൗണ്ടില്‍ രാജ്യസഭ സ്ഥാനാര്‍ഥിത്വം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നു. കെ പി സി സി പ്രസിഡന്റായി ലോകസഭാ തിരഞ്ഞെടുപ്പ് വരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വൈര്യം മറന്നുള്ള പിന്തുണ മുല്ലപ്പള്ളി നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ട്.