കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്.
വൈകീട്ടത്തെ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കാബൂള്‍ പൊലീസ് അറിയിക്കുന്നത്.
സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനം നടന്നത്.