സഭാ സമ്മേളനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പ്രസ്താവന നടത്തിയത്.
‘സഭാസമ്മേളനത്തിന്റെ പേരിലോ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്‍മാര്‍ എന്ന നിലയില്‍ രാജ്യത്തെ നിയമവും നിയമനടപടികളും പാലിക്കാന്‍ നമ്മളും ബാധ്യസ്ഥരാണെന്ന് വെങ്കയ്യ നായിഡു’ രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം അവശ്യസാധനങ്ങളുടെ വില വര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.