കൊച്ചി :∙മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്.സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പയ്യോളിയിലെ വീട്ടിലടക്കം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അർഷാദിനെ കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ ആൾ കൊലപാതകം നടത്തി കടന്നു കളഞ്ഞെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം നിർവഹിച്ചു കടന്നുകളഞ്ഞെന്നു കരുതുന്ന യുവാവിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്.ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു.
സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്സോണിയ ഫ്ലാറ്റിലാണു സംഭവം.മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സജീവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ.