സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. 76-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി ഇപ്പോള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഒന്‍പതാമത് സ്വാതന്ത്ര്യദിന പ്രസംഗമാണിത്.
ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏകോപനം വ്യോമസേന നിര്‍വഹിച്ചു. മി17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തദ്ദേശീയമായി നിര്‍മിച്ച പീരങ്കിയിലാണ് 21 ആചാരവെടി മുഴക്കിയത്.
ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്ന് മോദി പറഞ്ഞു. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണെന്നും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെങ്കോട്ടയില്‍നിന്ന് ഇത് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. സുപ്രധാന വികസന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര് ക്ഷണിതാക്കളായെത്തി.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.