ബഫർസോൺ പുതിയ ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം

Kerala Latest News

ബഫർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പം. 2019 ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് എ.ജി ഉപദേശം നൽകി.

2019 ലെ ഉത്തരവ് നിലനിർത്തി പുതിയ ഭേദഗതി കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. അന്തിമ തീരുമാനം വൈകുന്നതിനാൽ സുപ്രീം കോടതിയിൽ തടസ ഹർജി നൽകാനുള്ള നീക്കവും നീളുന്നു. കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് 2019 ലെ ബഫർസോൺ ഉത്തരവ് തിരുത്താൻ തീരുമാനമെടുത്തത്. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോ മീറ്റർ ബഫർസോണായി നിശ്ചയിച്ചുള്ളതാണ് 2019 ലെ ഉത്തരവ്. ബഫർസോൺ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീം കോടതി വിധി വലിയ ആശങ്ക ഉയർത്തിയപ്പോഴാണ് സംസ്ഥാനത്തിൻറെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്.

സംസ്ഥാനം പുതിയ ഉത്തരവിറക്കാതെ സൂപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വാദം ശക്തമായി. വലിയ ചർച്ചകൾക്കൊടുവിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാൻ തീരുമാനിച്ചത്. പക്ഷെ കാബിനറ്റ് തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ പുതുക്കിയിറക്കിയില്ല.

201 9ലെ ഉത്തരവ് റദ്ദാക്കിയാൽ പിന്നെ 2013 ലെ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് ഉപദേശം. അത് വഴി 12 കിലോ മീറ്റർ വരെ ബഫർ സോണായി മാറുമെന്

നാണ് ഉപദേശം. ഇതോടെ 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടെന്ന നിലയിലേക്ക് ചർച്ചമാറി. എജിയും നിർദ്ദേശിച്ചത് ഇക്കാര്യം. പകരം പഴയ ഉത്തരവ് നിലനിർത്തി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി ബഫർസോൺ ഒരു കിലോമീറ്ററാക്കി പുതിയ ഉത്തരവ് ഇറക്കാമെന്നാണ് ഇപ്പോഴത്തെ നീക്കം. അതിനും നിയമക്കുരുക്കുണ്ടാകുമോ എന്ന ആശങ്കയും ബാക്കിയാണ്.

ഒടുവിൽ വനംവകുപ്പ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. കൂടുതൽ ചർച്ചകൾക്ക് ശേഷം ഉത്തരവിറക്കാനാണ് ശ്രമം. സംസ്ഥാനം ബഫറിൽ പുതിയ ഉത്തരവ് ഇറക്കാത്തതോടെ സുപ്രീം കോടതിയിൽ തടസ്സ ഹർജിയും നൽകുന്നതിലും അനിശ്ചിതത്വമായി. സംസ്ഥാനം തീരുമാനമെടുത്ത ശേഷം മതി തടസ ഹർജി എന്നാണ് സർക്കാറിൻറെ ഇപ്പോഴത്തെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *