മങ്കിപോക്‌സ; രോഗലക്ഷണങ്ങളോടെ കണ്ണൂരിൽ ഏഴ് വയസുകാരി ചികിത്സയിൽ

Kerala Latest News

മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ശ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. രോഗത്തെ ചെറുക്കുന്നതിനായി ചെയ്യേണ്ടതും ചെയ്യരുതാത്തുമായ കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

രോഗം ബാധിച്ചയാളെ നിർബന്ധമായും ഐസൊലേറ്റ് ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. സാനിറ്റൈസറുകളുടെ ഉപയോഗത്തിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്ന കാര്യത്തിലും വിട്ടുവീഴ്ച്ച അരുതെന്നും നിർദേശമുണ്ട്. രോഗിയുമായി ഇടപഴകേണ്ടി വരുന്ന സന്ദർഭങ്ങളിൽ മാസ്‌ക് വെച്ച് മുഖം മറയ്ക്കുകയും ഡിസ്പോസബിൾ ഗ്ലൗവ്സ് ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. രോഗി താമസിക്കുന്ന ചുറ്റുപാടിൽ അണുനശീകരണം നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി വസ്ത്രങ്ങളോ, കിടക്കയോ, ടവ്വലുകളോ കൈമാറി ഉപയോഗിക്കരുത് എന്നതാണ് അരുതുകളുടെ പട്ടികയിൽ പ്രധാനം. രോഗം സ്ഥിരീകരിച്ചവരുടെയും അല്ലാത്തവരുടെയും വസ്ത്രങ്ങൾ ഒരുമിച്ച് അലക്കരുത്. രോഗലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ പൊതുപരിപാടികൾ ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരെയോ രോഗമുണ്ടെന്ന് സംശയിക്കുന്നവരെയോ ഒറ്റപ്പെടുത്തരുത് എന്നതും പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. രോഗം സംബന്ധിച്ച തെറ്റായ പ്രചരണങ്ങളെയോ വാർത്തകളെയോ വിശ്വസിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ മങ്കിപോക്സ് കേസുകളുടെ പശ്ചാത്തലത്തിൽ സാഹചര്യം നിരീക്ഷിച്ച് രോഗം കൂടുതൽ പടരുന്നത് തടയാനായി ദ്രുതകർമസേനയെ നിയോഗിച്ചിട്ടുണ്ട്. അടുത്തിടെയാണ് ലോകാരോഗ്യസംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രോഗ വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 70 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ സാഹചര്യം അസാധാരണമായെന്ന് പറഞ്ഞുകൊണ്ടാണ് പ്രഖ്യാപനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *