ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ടോക്കിയോയില്‍ തുടക്കമായി. കൊവിഡ് മഹാമാരിയെ കീഴടക്കിയാണ് 32-ാമത് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍ തുടക്കമായത്. സ്റ്റേഡിയത്തില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. ട്രെഡ്മില്ലില് പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് പരിപാടികള്‍ തുടങ്ങിയത്.
കൊവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക തനിമ നിറഞ്ഞുനില്ക്കുന്ന പരിപാടികള്‍ നടന്നു. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. ഒളിമ്പിക്സിന്റെ ജന്മനാടായ ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. രണ്ടാമതായി അഭയാര്‍ഥികളുടെ ടീം മാര്‍ച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 21-ാമതായാണ് ഇന്ത്യ എത്തിയത്.
മേരി കോം, മന്‍പ്രീത് സിംഗ് എന്നിവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ പതാക വഹിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയില്‍ മെഡല്‍ പ്രതീക്ഷകളുമായി എത്തിയിരിക്കുന്നത്. 18 ഇനങ്ങളിലായി 127 കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നു മുതല്‍ ഓഗസ്റ്റ് എട്ടു വരെയായി 17 ദിവസം നീളുന്നതാണ് ഒളിന്പിക്സ് മാമാങ്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ ഒളിമ്പിക് മത്സരങ്ങള്‍ ആരംഭിക്കും.
ഇന്ത്യയുടെ അമ്പെയ്ത്ത് വനിതാ താരം ദീപിക കുമാരി രാവിലെ നടക്കുന്ന സിംഗിള്‍സില്‍ മാറ്റുരയ്ക്കുന്നുണ്ട്. പുരുഷ-വനിതാ ഫുട്ബോള്‍, സോഫ്റ്റ്ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ ഭീഷണിയില്‍ സ്റ്റേഡിയങ്ങളില്‍ കാണികളുയര്‍ത്തുന്ന ആരവമില്ലെങ്കിലും ആവേശത്തിനു കുറവുണ്ടാകില്ലെന്ന് ഉറപ്പാണ്. ടെലിവിഷനില്‍ മത്സരങ്ങള്‍ കാണുന്നവരുടെ എണ്ണത്തില്‍ ഇത്തവണ റിക്കാര്‍ഡ് കുറിക്കപ്പെടും. കാണികളെ പ്രവേശിപ്പിക്കാതെ ഒരു ഒളിമ്പിക്സ് നടത്തുന്നതും ആദ്യമായാണ്.
2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സ് കൊവിഡിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. 125 വര്‍ഷം നീണ്ട ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ മാറ്റിവച്ച ഒളിമ്പിക്സ് പിന്നീട് നടത്തുന്നത് ഇതാദ്യമാണ്. ലോകമഹായുദ്ധം കാരണം മൂന്നുതവണ ഒളിമ്പിക്സ് ഉപേക്ഷിച്ചിരുന്നു.
കൊവിഡ് ഉയര്‍ത്തുന്ന ഭീഷണിക്കിടയിലും ഇത്തവണത്തെ ഒളിമ്പിക്സ് ഒരു ചരിത്രമാക്കുമെന്ന ഉറപ്പിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സ് വേണ്ടെന്ന ടോക്കിയോ നഗരവാസികളുടെയും ജപ്പാനിലെ ആരോഗ്യപ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ചാണ് ജാപ്പനീസ് സര്‍ക്കാരും ഒളിമ്പിക് സംഘാടകരും ഗെയിംസ് നടത്തിപ്പുമായി ധീരമായി മുന്നോട്ടു ചുവടുവച്ചത്.