വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷം. വിഴിഞ്ഞത്തും പൂന്തുറയിലുമടക്കം വിവിധയിടങ്ങളിലെ ബോട്ടുകൾ കൊണ്ടുവരുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. ബോട്ടുകൾ പിന്നീട് വിട്ടയച്ചു.
തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ സമരം തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലമാണ് തീരദേശ മേഖല അപ്പാടെ കടൽവിഴുങ്ങുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. തങ്ങൾക്ക് വീട് നിർമിച്ച് തരുന്നതുവരെ സമരം നടത്തുമെന്നും ഇവർ പറഞ്ഞു.