വോട്ടെണ്ണലിന് 633 ഹാളുകള്‍; ഒരുക്കങ്ങള്‍ പൂര്‍ണം

Kerala Latest News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണം.

ഇ.വി.എം/വി.വി.പാറ്റ് സൂക്ഷിക്കാന്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പിനായി 140 ഉം ഉപ തിരഞ്ഞെടുപ്പിനായി ഏഴു സ്ട്രോംഗ് റൂമുകളുമാണുള്ളത്. 49 സി.എ.പി.എഫ് കമ്പനികളാണ് സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം സ്റ്റേറ്റ് ആംഡ് പൊലീസ് ബറ്റാലിയനും സംസ്ഥാന പൊലീസ് സേനയുമാണ് രണ്ടുതല സുരക്ഷയും സ്ട്രോങ്ങ് റൂമുകളിലുണ്ട്.

റിസര്‍വ് ഉള്‍പ്പെടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും, 54349 വി.വി പാറ്റ് മെഷീനുകളുമാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് 2594 ബാലറ്റ് യൂണിറ്റുകളും, 2578 കണ്‍ട്രോള്‍ യൂണിറ്റുകളും 2851 വി.വി പാറ്റ് മെഷീനുകളാണ് റിസര്‍വ് ഉള്‍പ്പെടെ ഉപയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ല്‍നിന്ന് 633 ആയി ഉയര്‍ന്നിട്ടുണ്ട് (78 ശതമാനം വര്‍ധന).

ഒരു ഹാളില്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 ടേബിളുകള്‍ ഉണ്ടായിരുന്നത്, ഇത്തവണ കോവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ഹാളില്‍ ഏഴായി കുറച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകള്‍ 89 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വര്‍ധനവുണ്ടായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക.

റിസര്‍വ് ഉള്‍പ്പെടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകള്‍ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും.

584238 തപാല്‍ ബാലറ്റുകളാണ് തിരഞ്ഞെടുപ്പിനായി ആകെ വിതരണം ചെയ്തിരുന്നത്. ഇതില്‍ 296691 പേര്‍ 80 വയസ് കഴിഞ്ഞവരും 51711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32633 അവശ്യസര്‍വീസ് വോട്ടര്‍മാരും 202602 പേര്‍ പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഏപ്രില്‍ 28 വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 454237 ആണ്.

Leave a Reply

Your email address will not be published. Required fields are marked *