തിരുവന്തപുരം: കൊറോണ ഭീഷണിയെ തുടര്‍ന്ന് തൊഴിലും ശമ്പളവും പ്രതിസന്ധിയിലായ ആയിരക്കണക്കിന് സാധാരണക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കെ പി സി സി ഒ ബി സി സെല്‍ ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍. ദിവസേനയുള്ള വരുമാനം കൊണ്ട് ജീവിതം കൊണ്ടു പോകുന്നതിനൊപ്പം വിവിധ വായ്പകളുടെ തിരിച്ചടവും നടത്തിയിരുന്ന തൊഴിലാളികളെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും വായ്പ കുടിശികയുടെ പേരില്‍ ഭീഷണിപ്പെടുത്തുകയാണ്. ഇതു നിയന്ത്രിക്കാന്‍ ‘ഓപ്പറേഷന്‍ കുബേര’ യുടെ മാതൃകയില്‍ നടപടികള്‍ ഉണ്ടാകണം.
അല്ലെങ്കില്‍ കൊറോണ കാലത്ത് കൂട്ട ആത്മഹത്യകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ നിയന്ത്രണത്തിന്റെ ഭാഗമായുള്ള നടപടികളെല്ലാം ചെന്നെത്തിച്ചത് അടിസ്ഥാന ജന വിഭാഗങ്ങളുടെ തൊഴില്‍ വരുമാന നഷ്ടത്തിലേക്കാണ് . ഓട്ടോറിക്ഷക്കാര്‍ , ടാക്‌സിക്കാര്‍ , ബസ് ജീവനക്കാര്‍ , വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍, വീട്ടുവേലക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ചെറു വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ലോട്ടറി വില്‍പ്പനക്കാര്‍, നടന്ന് സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ എന്നീ സ്ഥലങ്ങളെ ആശ്രയിച്ച് കച്ചവടം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ട പലചരക്കും പച്ചക്കറിയും പോലും വാങ്ങാന്‍ കഴിയാത്ത നിലയിലാണിപ്പോള്‍ .
എന്തിനേറെ 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പാലു പോലും വാങ്ങാന്‍ കഴിയാത്ത എത്രയോ കുടുംബങ്ങള്‍ നമ്മുടെ കേരളത്തില്‍ വളരെ പെട്ടെന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സാധാരണ ആളുകള്‍ ജീവിതം മുന്നോട്ടു പോകാന്‍ കഴിയാത്ത നിലയില്‍ പോകുമ്പോഴും കനത്ത ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നാട് നേരിടുന്ന മഹാവിപത്ത് ലഘൂകരിക്കാന്‍ തങ്ങളുടെ സംഭവാന സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയേ മതിയാകു. സര്‍ക്കാര്‍ ജീവനക്കാരില്‍ 20,000 രൂപക്കു മുകളില്‍ മാസ ശമ്പളം ( ഇതില്‍ പെന്‍ഷന്‍ കാരെയും ഉള്‍പ്പെടുത്താം ) വാങ്ങുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം.
വരുന്ന ആറു മാസം ഒരു കുടുംബത്തിന്റെ ജീവിത ചെലവുകള്‍ക്കുള്ള 20000 രൂപ മാത്രമായി ശമ്പളവും പെന്‍ഷനും നിജപ്പെടുത്തണം. ബാക്കി വരുന്ന തുക സര്‍ക്കാരിലേക്ക് നല്‍കി ഉദ്യോഗസ്ഥരും പെന്‍ഷന്‍ കാരും തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കണം . വളരെ വലിയ സൗകര്യങ്ങള്‍ കൈപറ്റുന്ന എം.എല്‍.എ.മാര്‍ എം.പി.മാര്‍ എന്നിവര്‍ ഈ കാര്യത്തില്‍ മാതൃക കാട്ടണമെന്നും സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു.