കോവിഡ് കാലത്ത് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാം ഈ വനിതാ നേതാവിനെ; മാനസിക ബുദ്ധിമുട്ടുള്ള കുട്ടിക്ക് ആശ്രയമായി ഡോ. പ്രമീളാദേവി

Latest News

പാലാ: രാമപുരം പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീര്‍ പ്രശാന്ത് കുമാറിനെ ആദരിക്കാന്‍ രാമപുരം പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വെളളിലാപ്പള്ളി കോളനിയില്‍ താമസിക്കുന്ന മറ്റക്കാട്ട് ബിജുവിന്റെ ദുരിത ജീവിതത്തേക്കുറിച്ച് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. പ്രമീളാദേവിയും സഹപ്രവര്‍ത്തകരും അറിയുന്നത്. അധികമാരും അറിയാത്ത ആ ദുരന്തകഥ പോലീസുകാരനായ പ്രശാന്ത് തന്നെയാണ് വിവരിച്ചത്. കുട്ടിയുടെ ദുരവസ്ഥ മനസ്സിലാക്കിയ പ്രമീളാദേവി കുട്ടിയെ രാമപുരം വെള്ളിലാപ്പിള്ളിയിലെ വീട്ടില്‍ നിന്നും പാലാ മരിയസദനത്തിലെത്തിച്ചു. കുളിച്ചിട്ട് തന്നെ മാസങ്ങളായി .കൈയുടെ വിറയല്‍ കാരണം സ്വന്തമായി മുണ്ടുടുക്കാന്‍ പോലും കഴിയുമായിരുന്നില്ല. പാര്‍ക്കിന്‍സണ്‍ രോഗവും മാനസികാസ്വാസ്ഥ്യവുമുള്ളയാളാണ് ബിജുവെന്ന് പോലീസ് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയി.മൂന്ന് മക്കള്‍. മൂത്ത രണ്ട് പെണ്‍കുട്ടികള്‍ അനാഥാലയത്തില്‍.

12 കാരനായ ഇളയ കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. ഭിക്ഷ യാചിച്ചും അയല്‍ക്കാരുടെ കാരുണ്യം കൊണ്ടുമാണ് ഇവര്‍ പട്ടിണി മാറ്റിയിരുന്നത്. രാമപുരം പഞ്ചായത്ത് മെമ്പര്‍ ഷൈനി സന്തോഷ് മുന്‍കൈയെടുത്ത് ഇപ്പോള്‍ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്.

ഷൈനി സന്തോഷ് പറഞ്ഞ് വിവരമറിഞ്ഞാണ് പോലീസുകാരനായ പ്രശാന്ത് കുമാറും വനിത ബീറ്റ് ഓഫീസര്‍ തങ്കമ്മയും ബിജുവിന്റെ വീട്ടിലെത്തിയത്.
പരിക്ഷീണിതനായി കിടന്ന ബിജുവിന്റെ മുടി വെട്ടി,കുളിപ്പിച്ചു. മാനസികനില തെറ്റിയ മകനെയും കുളിപ്പിച്ചു. ഭക്ഷണം നല്‍കുകയും ചെയ്തു.

കോവിഡ് കാലത്തെ രാമപുരം ജനമൈത്രി പോലീസിന്റെ ഈ കാരുണ്യ പ്രവര്‍ത്തിപരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. ഇത് അറിഞ്ഞാണ് ജെ. പ്രമീളാദേവി രാമപുരം പോലീസിനെ ആദരിക്കാന്‍ ഇന്നലെ രാമപുരത്ത് എത്തിയത്. ബിജുവിന്റെയും കുടുംബത്തിന്റെയും കഥ കേട്ട പ്രമീളാദേവി കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും കൂട്ടി വെള്ളിലാപ്പള്ളി കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തി.
മാനസിക ബുദ്ധിമുട്ടു പ്രകടിപ്പിച്ചു തുടങ്ങിയ കുട്ടിയെ ആദ്യം രക്ഷിക്കുക എന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു.

മനോവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന പാലാ മരിയ സദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫുമായി സംസാരിച്ച പ്രമീളാദേവി കുട്ടിയെ മരിയസദനത്തില്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു. ബിജുവിന്റെ ചികിത്സ കാര്യങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ഒപ്പമുണ്ടയിരുന്ന ബിജെപി ഭാരവാഹികള്‍ക്ക് അവര്‍ നിര്‍ദ്ദേശവും നല്‍കി.
ബി.ജെ.പി. പാലാ നിയോമണ്ഡലം പ്രസിഡന്റ് രഞ്ജിത് മീനാ ഭവന്‍ , രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ കരുണാകരന്‍, സുനില്‍ കിഴക്കേക്കര, പഞ്ചായത്ത് അംഗം എം.ഒ. ശ്രീക്കുട്ടന്‍, സുനീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *