പാലാ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ശരത്പവാര്‍; പ്രതിഷേധം യെച്ചൂരിയെ ഫോണില്‍ അറിയിച്ചു, ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം അനിശ്ചിതത്വത്തില്‍

Latest News

 

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം വീണ്ടും കീറാമുട്ടിയായി. എന്‍ സി പിയുടെ സിറ്റിംഗ് സീറ്റായ പാലാ വിട്ടുനല്‍കിയുള്ള കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം അനാവശ്യമാണെന്നാണ് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നിലപാട്. ഇക്കാര്യം സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയെ അദ്ദേഹം ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

പാലാ എം എല്‍ എ മാണി സി കാപ്പനും സിറ്റിംഗ് സീറ്റ് വീട്ടുനല്‍കാന്‍ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിലാണ്. ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവെക്കുന്ന ഒഴിവില്‍ മാണി സി കാപ്പന് നല്‍കാമെന്ന് കേരള കോണ്‍ഗ്രസ് സി പി എമ്മിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒത്തുതീര്‍പ്പുകളിലും വീഴേണ്ടെന്നാണ് എന്‍ സി പി ദേശീയ നേതൃത്വം കേരള ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയാത്ത ജോസ് കെ മാണിയുടെ പാലാ സീറ്റിലുള്ള അമിതമോഹത്തിന് വിപരീതഫലമായിരിക്കും വോട്ടര്‍മാര്‍ സമ്മാനിക്കുക എന്നാണ് എന്‍ സി പി കേരള ഘടകത്തിന്റെ വിലയിരുത്തല്‍. ഇതോടെ തിങ്കളാഴ്ച നടത്താനിരുന്ന കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി സഖ്യസാധ്യതകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.

എന്‍ സി പിക്ക് പിന്നാലെ സി പി ഐയുടെ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കാന്‍ ഒരുക്കമല്ലെന്ന കര്‍ശന നിലപാടിലാണ് കോട്ടയം ജില്ലാ ഘടകം. ഇതോടെ, എല്‍ ഡി എഫിലെ രണ്ടു ഘടകകക്ഷികളെ പിണക്കികൊണ്ട് കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന ഭയപ്പാടിലാണ് സി പി എം. ഇടതുമുന്നണിയുമായി കേരള കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ദിവസവും നിരവധി നേതാക്കളും പ്രവര്‍ത്തകരും ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പാര്‍ട്ടി എം എല്‍ എമാരായ റോഷി അഗസ്റ്റിനും, എന്‍ ജയരാജും എല്‍ ഡി എഫ് പ്രവേശനത്തിന് തുടക്കം മുതലേ എതിര്‍പ്പുമായി രംഗത്തുണ്ട് .

എന്നാല്‍ കെ എം മാണിയുടെ തണലില്‍ രാഷ്ട്രീയത്തില്‍ എത്തിയ ഇരുനേതാക്കളും അദ്ദേഹത്തിന്റെ മകനെ പെരുവഴിയില്‍ തള്ളാനുള്ള വൈമനസ്യം കാരണം വലിയ മാനസ്സിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ഇത്തരം രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയും എന്‍ സി പിയും കേരള കോണ്‍ഗ്രസിനെതിരെ പടവാള്‍ എടുത്തിരിക്കുന്നത് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭയപ്പാട് കേരള കോണ്‍ഗ്രസ് ക്യാമ്പുകളിലും അസ്വസ്ഥത പാകിയിട്ടുണ്ട്. 13 നിയമസഭാ സീറ്റുകളില്‍ സി പി എമ്മുമായി ധാരണയുണ്ടാക്കിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയ കേരള കോണ്‍ഗ്രസിന്റെ അടവ് നയത്തില്‍ സി പി എമ്മിനുള്ളിലും വലിയ നീരസം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

കെ എം മാണിയുടെ പാലാ സീറ്റില്‍ അടക്കം തീരുമാനം അനിശ്ചിതമായി മുന്നോട്ടുപോകുമ്പോള്‍ 13 നിയമസഭാ സീറ്റുകളില്‍ ധാരണയായെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് വലിയ ആശയകുഴപ്പത്തിന് വഴിവെച്ചെന്ന സന്ദേശം സി പി എം സംസ്ഥാന നേതൃത്വം ജോസ് കെ മാണിയെ ധരിപ്പിച്ചതായാണ് വിവരം. യു ഡി എഫില്‍ സ്വന്തം നിലയില്‍ പാര്‍ട്ടികള്‍ നടത്തിവരുന്ന പ്രസ്താവനകളും രാഷ്ട്രീയ അടവ് നയങ്ങളും ഇടതുമുന്നണിയില്‍ പ്രതീക്ഷിക്കരുതെന്ന താക്കീതും സി പി എം നേതാക്കള്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഇതോടെ കേരള കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി എന്തെന്ന ആശയകുഴപ്പം കേരള കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *