ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: ഇടതുമുന്നണിയുമായി സഖ്യത്തിന് പ്രഖ്യാപനം നടത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്വാധീനം വിലയിരുത്താന്‍ സി പി എം കണക്കെടുപ്പിന്. മധ്യകേരളത്തില്‍ വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭയിലേക്കും കേരള കോണ്‍ഗ്രസിന്റെ വരവോടെ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന ജോസ് വിഭാഗത്തിന്റെ അവകാശവാദങ്ങളുടെ കൃത്യമായ വിവരശേഖരത്തിനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെ എം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പി ജെ ജോസഫിനൊപ്പം യു ഡി എഫില്‍ നിലയിറപ്പിച്ചിരിക്കുകയാണ്.
ജോസ് കെ മാണി എല്‍ ഡി എഫിനൊപ്പം ചേരുമെന്ന ശ്രുതി പരന്നതോടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും വീണ്ടും മാതൃസംഘടനയില്‍ നിന്ന് കൊഴിഞ്ഞുപോയി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് പ്രാദേശിക തലങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകളുടെയും വോട്ടര്‍മാരുടെയും വിവരങ്ങള്‍ സി പി എം ബ്രാഞ്ച് കമ്മറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രാഞ്ച് കമ്മറ്റികള്‍ ശേഖരിക്കുന്ന കണക്കുകള്‍ ലോക്കല്‍ കമ്മറ്റികളില്‍ ചര്‍ച്ച ചെയ്ത് ഏരിയ കമ്മറ്റിയുടെ അനുമതിയോടെ ജില്ലാ കമ്മറ്റിക്ക് കൈമാറാനാണ് നിര്‍ദേശം.
പരമാവധി വേഗത്തില്‍ മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് എത്ര എന്നത് സംബന്ധിച്ച് കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ ബ്രാഞ്ച് കമ്മറ്റികളോട് വിവരശേഖരത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയത്. പരമ്പരാഗതമായി വലതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന മധ്യകേരളത്തിലെ വോട്ടര്‍മാരില്‍ ഇടതുബാന്ധവം എത്രകണ്ട് അനുകൂലമാകുമെന്ന സന്ദേഹം സി പി എമ്മിനുണ്ട്. 38 വര്‍ഷക്കാലമായി യു ഡി എഫിനൊപ്പം വലതുപക്ഷ ചേരിയില്‍ നിലകൊണ്ട് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പ്രത്യേകിച്ച് ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ മനസ്സിളക്കാന്‍ ജോസ് കെ മാണിക്കും കൂട്ടര്‍ക്കും കഴിയുമോയെന്ന വിലയിരുത്തലാണ് സി പി എം നടത്തുക.
ഇതിനിടെ വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ നിന്നും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും എല്‍ ഡി എഫ് ചങ്ങാത്തത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന ആശങ്ക നേതൃത്വത്തെ കുഴയ്ക്കുന്നു.