ജോസ് കെ മാണിയുടെ സ്ഥാനത്യാഗം സീതാറാം യെച്ചൂരിക്ക് വേണ്ടി; ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസുകള്‍ ജോസ് കെ മാണിക്കൊപ്പം ചേരണമെന്ന് സി പി എം നിര്‍ദേശിക്കും

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ സി പി ഐ, എന്‍ സി പി പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ തിരക്കുപിടിച്ച് എല്‍ ഡി എഫിലെടുക്കാന്‍ സി പി എം കാട്ടിയ അമിത ഉത്സാഹം സീതാറാം യെച്ചൂരിക്ക് വേണ്ടി. യു ഡി എഫിനൊപ്പം ഉണ്ടായിരുന്ന രാജ്യസഭാ അംഗത്വം രാജിവെച്ച് ജോസ് കെ മാണി രാഷ്ട്രീയ ധാര്‍മ്മികത അവകാശപ്പെടുമ്പോള്‍ പകരക്കാരനായി സി പി എം ജനറല്‍ സെക്രട്ടറി കൂടിയായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനാണ് ഇരുപാര്‍ട്ടികളിലെ നേതാക്കള്‍ തമ്മിലുള്ള ധാരണ. ഇക്കാര്യം സി പി ഐയെ കൂടി ബോധ്യപ്പെടുത്തിയതോടെ ഇടതുമുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രവേശനം വേഗത്തിലാവുകയും ചെയ്തു.

ജോസ് കെ മാണിയുടെ തട്ടകമായ പാലാ, ജയരാജിന്റെ കാഞ്ഞിരപ്പള്ളി അടക്കം 12 നിയമസഭാ സീറ്റുകള്‍ ഉപാധികള്‍ ഇല്ലാതെ നല്‍കാമെന്ന ഉറപ്പും സി പി എമ്മുമായുള്ള ചര്‍ച്ചകളില്‍ കോടിയേരിയില്‍ നിന്നും ജോസ് കെ മാണിക്ക് ലഭിച്ചുകഴിഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ കഴിഞ്ഞതവണ വിജയിച്ച എല്ലാ സീറ്റുകളിലും കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനും ജില്ലാ ഘടകങ്ങളോട് സംസ്ഥാന നേതൃത്വം രേഖാമൂലം നിര്‍ദേശവും നല്‍കി. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്റെ അവകാശവാദത്തെ തല്‍ക്കാലം കാര്യമാക്കേണ്ടെന്ന നിലപാട് സ്വീകരിക്കാനാണ് സി പി എമ്മിന്റെ തീരുമാനം. ഇക്കാര്യം കോട്ടയം ജില്ലാ കമ്മറ്റിയെയും അറിയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇടതുമുന്നണിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട കേരള കോണ്‍ഗ്രസുമായി മാനസികമായ ഇഴയടുപ്പമുണ്ടാക്കാന്‍ സീതാറാം യെച്ചൂരിക്ക് വേണ്ടി ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റ് വീട്ടുനല്‍കുന്നത് വഴിയൊരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോര്‍മുല കേരള കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

അഴിമതി ആരോപണങ്ങളും അവിഹിത ഇടപാടുകളിലൂടെയും പ്രതിഛായ നഷ്ടപ്പെട്ട് മുഖം വികൃതമായ ഇടതുമുന്നണിയിലേക്ക് രംഗപ്രവേശനം ചെയ്ത ജോസ് കെ മാണിക്ക് പച്ചപരവതാനി വിരിച്ച സി പി എമ്മിന്റെ രാഷ്ട്രീയ നീക്കത്തെ പിന്തുണച്ച് സി പി എം ദേശീയ നേതൃത്വം രംഗത്ത് എത്തിയതും ഈ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു. സീതാറാം യെച്ചൂരിക്ക് വേണ്ടി രാജ്യസഭാ അംഗത്വം വിട്ടുകൊടുന്നതില്‍ കേരള കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സാധ്യതയില്ലെന്നതാണ് മറ്റൊരു അനുകൂല സാഹചര്യം. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ക്കെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസമൊരുക്കുക വഴി കൂടുതല്‍ ജനകീയമുഖം സൃഷ്ടിക്കാന്‍ ജോസ് കെ മാണിക്ക് സാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കേരള രാഷ്ട്രീയത്തില്‍ ജോസ് കെ മാണി സജീവമാകണമെന്ന് പാര്‍ട്ടിയിലെ പ്രമുഖനായ റോഷി അഗസ്റ്റിന്റെ പ്രസ്താന സി പി എം- കേരള കോണ്‍ഗ്രസ് ഫോര്‍മുലയുടെ മറപിടിച്ചുള്ളതാണ്.

നിലവില്‍ ഇടതുമുന്നണില്‍ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം, ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിക്കൊപ്പം ഒറ്റ ബാനറില്‍ അണിനിരക്കണമെന്ന് സന്ദേശം പാര്‍ട്ടികളോട് സി പി എം ആവശ്യപ്പെടും. കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം എന്ന കെ എം മാണിയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ജോസ് കെ മാണിക്ക് പാതയൊരുക്കുന്നതിന് സി പി എമ്മിന്റെ നിലപാടുകള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തിപകരും. വരുന്ന ആഴ്ച ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവെക്കും. നവംബര്‍ അവസാനത്തോടെ സീതാറാം യെച്ചൂരിയെ കേരളത്തില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാനുള്ള നീക്കമാണ് സി പി എം ആരംഭിച്ചിരിക്കുന്നത്.

2017 ല്‍ രാജ്യസഭയില്‍ കാലാവധി അവസാനിച്ചപ്പോള്‍ സീതാറം യെച്ചൂരിയെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ബംഗാള്‍ സി പി എം ഘടകത്തിന്റെ പിന്തുണ യെച്ചൂരിക്ക് അന്ന് ലഭിച്ചിരുന്നുവെങ്കിലും കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പി ബി അംഗങ്ങള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ യെച്ചൂരിയുടെ രാജ്യസഭയിലേക്കുള്ള പുനപ്രവേശനം തടസ്സപ്പെടുകയും ചെയ്തു. കേരളത്തില്‍ മുഖ്യരാഷ്ട്രീയ വൈരികളായ കോണ്‍ഗ്രസുമായുള്ള ചങ്ങാത്തത്തെ എതിര്‍ത്ത സി പി എം കേരള ഘടകം സീതാറാം യെച്ചൂരിക്ക് വീണ്ടും രാജ്യസഭയിലെത്താന്‍ കേരള കോണ്‍ഗ്രസിന്റെ ഘടകകക്ഷി പ്രവേശനത്തിലൂടെ വഴിയൊരുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *