കെ പി യോഹന്നാന്റെ അറസ്റ്റ് ഒഴിവാക്കാന്‍ മധ്യസ്ഥന്മാര്‍ രംഗത്ത് ; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സൂചന നല്‍കി കേന്ദ്രം, യോഹന്നാനെതിരെ സി ബി ഐ, ഇ ഡി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും, ബീലിവേഴ്‌സ് ചര്‍ച്ചിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്തികള്‍ മരവിപ്പിച്ചേക്കും, ആയിരക്കണക്കിന് തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തില്‍

Latest News

 

ആര്‍ അജിരാജകുമാര്‍

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 6000 കോടി രൂപ വിദേശത്ത് നിന്നും അനധികൃതമായി നാട്ടിലെത്തിച്ച ബിഷപ്പ് കെ പി യോഹന്നാനെതിരെ കേന്ദ്രം സി ബി ഐ അന്വേഷണത്തിനൊരുങ്ങുന്നു. അമേരിക്കയിലുള്ള യോഹന്നാനെ നാട്ടിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ടറേറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കികഴിഞ്ഞു. ഡിസംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും കേന്ദ്ര ഏജന്‍സികളോട് ദൂതന്മാര്‍ മുഖാന്തിരം യോഹന്നാന്‍ സാവകാശം ആവശ്യപ്പെട്ടതായാണ് വിവരം.

ഇതിനിടെ, കോടികളുടെ തിരിമറി നടത്തിയ കെ പി യോഹന്നാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മധ്യസ്ഥന്മാര്‍ മുഖേന സ്വയം പ്രഖ്യാപിത ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായി മധ്യസ്ഥന്മാര്‍ നിരന്തരം ബന്ധപ്പെടുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നു. പ്രമുഖ ഇടനിലക്കാരനും രാഷ്ട്രീയ പ്രമുഖനുമാണ് യോഹന്നാന് വേണ്ടി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടത്. കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തിയതോടെ കെ പി യോഹന്നാന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കാനുള്ള ആലോചനയും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് യോഹന്നാന്റെ കീഴിലുള്ള 60 ഓളം സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത നോട്ടുകള്‍ അടക്കം കണക്കില്‍പെടാത്ത 14 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളുംകേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. ഒക്ടോബര്‍ മാസത്തെ ശമ്പളം ഇനിയും ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് നല്‍കിയിട്ടില്ല. കോവിഡ് പ്രതിസന്ധിയുടെ പേരുപറഞ്ഞ് ജീവനക്കാരുടെ ശമ്പളം പകുതിയാക്കി കുറച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ആദായനികുതി വകുപ്പിന്റെ റെയ്ഡും കേന്ദ്ര ഏജന്‍സികളുടെ തുടര്‍ അന്വേഷണം കൂടി വരുന്നതോടെ മിക്ക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായേക്കും.

പ്രാഥമിക പരിശോധനയില്‍ 350 കോടിയുടെ അനധികൃത ഇടപാട് നടന്നതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ദിവസമായുളള റെയ്ഡില്‍ പതിനാലര കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ ഏഴ് കോടി ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് കണ്ടെത്തിയത്. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കംടാക്‌സിന്റെ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടന്നത്. അനധികൃത ഇടപാടുകളെ തുടര്‍ന്ന് ബിലീവേഴ്‌സിന്റെ എഫ്‌സിആര്‍ഐ രജിസ്‌ട്രേഷന്‍ കേന്ദ്രം 2016ല്‍ റദ്ദാക്കിയിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നെന്നും നേരത്തെ പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചെന്നും കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായും വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. വിദേശത്തുളള ബിലിവേഴ്‌സ് സ്ഥാപകന്‍ കെ.പി യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നെന്നും നേരത്തെ പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകള്‍ക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിള്‍ റിലീജിയസ് ട്രസ്റ്റുകള്‍ക്കുള്ള ആദായ നികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ഗ്രൂപ്പിന് രാജ്യമെമ്പാടും ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുണ്ട്. കേരളം, തമിഴ്‌നാട്്,പശ്ചിമ ബംഗാള്‍, കര്‍ണാടക, ഛണ്ഡീഗഡ്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് കിട്ടുന്ന പണം വകമാറ്റി വെട്ടിപ്പ് നടത്തുന്നുവെന്ന വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായനികുതി വകുപ്പിന്റെ അഞ്ചുദിവസത്തെ റെയ്ഡ്. ബീലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന് രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത 30 ഓളം ട്രസ്റ്റുകളുണ്ട്. എന്നാല്‍, ഇതില്‍ മിക്കതും വെറും കടലാസില്‍ മാത്രമാണുള്ളത്.

കണക്കില്‍ പെടാത്ത ഫണ്ടുകളും ഇടപാടുകളും വെളുപ്പിക്കാനുള്ള ഉപായം മാത്രമാണ് ഈ കടലാസ് ട്രസ്റ്റുകള്‍. എന്തായിരുന്നു ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ മോഡസ് ഓപ്പറാന്‍ഡി എന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഇടപാടുകാരുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ചെലവുകള്‍ ചിട്ടയോടെ പെരുപ്പിച്ച് കാട്ടുക. ഈ പെരുപ്പിച്ച് കാട്ടുന്ന തുക ആഭ്യന്തര ഹവാല ചാനലുകള്‍ വഴി ഗ്രൂപ്പിലെ ആളുകളിലേക്ക് പണമായി എത്തിക്കും. ഇത്തരത്തില്‍ ഹവാല ഇടപാടുകള്‍ക്ക് സഹായിച്ചവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ഉപഭോഗ വസ്തുക്കളുടെ വാങ്ങല്‍, നിര്‍മ്മാണ ചെലവ്, റിയല്‍ എസ്‌റ്റേറ്റ് വികസന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം എന്നിവയിലെല്ലാമാണ് ആസൂത്രിതമായി ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയത്. കണക്കില്‍ പെടാത്ത പണം ഉപയോഗിച്ചുള്ള നിരവധി റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും റെയ്ഡിനിടെ കണ്ടെത്തി. ഇടപാടുകളുമായി ബന്ധപ്പെട്ട വില്‍പ്പന കരാറുകള്‍ പിടിച്ചെടുത്തു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ തുകയും ഗ്രൂപ്പ് പെരുപ്പിച്ച് കാട്ടി. വിദേശത്ത് നിന്ന് സംഭാവനയായി കിട്ടിയ തുക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നു ഈ പെരുപ്പിക്കലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പ്രകാരം പണമായി മാത്രം 350 കോടിയില്‍ അധികം രൂപ വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്.

മെഡിക്കല്‍ കോളജ് അക്കൗണ്ടന്റിന്റേതാണ് കാര്‍. സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡല്‍ഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. രണ്ട് ദിവസം നടന്ന റെയ്ഡില്‍ ആകെ 14.5 കോടിയോളം രൂപയാണ് കണ്ടെത്തിയത്. ഹാരിസണ്‍ മലയാളത്തിന്റെ പക്കല്‍ നിന്ന് സഭ വാങ്ങിയ ചെറുവള്ളി എസ്‌റ്റേറ്റ്, വിവിധയിടങ്ങളിലായി വാങ്ങിയിട്ടുള്ള കെട്ടിടങ്ങള്‍, ഭൂസ്വത്തുക്കള്‍ എന്നിവയുടെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചു വരികയാണ്. അതേസമയം സഭയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്‌സ് സേവ് ഫോറവും രംഗത്തെത്തി.

അതേസമയം, ബീലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന വിചിത്ര വാദവുമായി സഭ വക്താവ് രംഗത്ത് എത്തി. ഓഡിറ്റിന് സമാനമായ പരിശോധനകളാണ് വിവിധ ഓഫീസുകളില്‍ നടന്നതെന്നും രണ്ടുമാസത്തോളം ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുമെന്നും വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *