ബാങ്കുകള്‍ മുഖം തിരിച്ചുനില്‍ക്കുന്ന പാവങ്ങളെ ചാക്കിട്ടുപിടിക്കാന്‍ കെ പി യോഹന്നാന് സ്വന്തമായി മൈക്രോ ഫിനാന്‍സ് കമ്പിനി; ചിട്ടി കമ്പനിയുടെ മറവില്‍ നടക്കുന്നത് പച്ചയായ മതപരിവര്‍ത്തനം, വായ്പ തിരിച്ചടവ് മുടങ്ങുമ്പോള്‍ നിയമനടപടി ഭയന്ന് പാവങ്ങളായ നിരവധിപേര്‍ യോഹന്നാന്റെ സഭയില്‍ ചേര്‍ന്നു; കോടികളുടെ തട്ടിപ്പുകള്‍ പുറത്തുവരുമ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്തു നിന്നും കോടികള്‍ പിരിക്കുന്ന സ്വയം പ്രഖ്യാപിത മെത്രാന്‍ കെ പി യോഹന്നാന് സ്വന്തമായി മൈക്രോ ഫിനാന്‍സ് കമ്പനി. ദൈവദാനം എന്ന അര്‍ത്ഥം വരുന്ന ഡോറ എന്ന പേരില്‍ യോഹന്നാന്റെ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൈക്രോ ഫിനാന്‍സിന്റെ മൂലധനം എവിടെ നിന്നും വരുന്നുവെന്ന് ഇനിയും വ്യക്തമല്ല. സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പത്ത് 118/2009 എന്ന രജിസ്റ്റര്‍ നമ്പരായി രൂപം കൊണ്ട ഡോറയിലൂടെ കോടികളാണ് പലിശയ്ക്ക് കൊടുക്കുന്നത്. പാവങ്ങള്‍ക്കിടയിലെ ചാരിറ്റി എന്ന വിധത്തിലാണ് ഡോറയുടെ പ്രവര്‍ത്തനം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഡോ. കെ പി യോഹന്നാനും അദ്ദേഹത്തിന്റെ സ്ഥാപനവും അവകാശപ്പെടുന്നത്.

തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവര്‍ക്ക് പലിശ കുറച്ചു നല്‍കി മതപരിവര്‍ത്തനം നടത്തുന്നതായും ആക്ഷേപം ശക്തമാണ്. നാലുദിവസമായി കെ പി യോഹന്നാന്റെ വിവിധ സ്ഥാപനങ്ങളിലും സ്വന്തക്കാരുടെ വീടുകളിലും നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. മതസ്ഥാപനത്തിന്റെ പേരില്‍ രാജ്യത്ത് മൈക്രോ ഫിനാന്‍സ് കമ്പനി പ്രവര്‍ത്തിക്കുന്നത് ആദ്യ സംഭവമാണെന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും കെ പി യോഹന്നാന് ലഭിച്ച 6000 കോടി രൂപയുടെ സിംഹഭാഗവും ഡോറയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കള്ളപണം വെളുപ്പിക്കാന്‍ മൈക്രോ ഫിനാന്‍സ് കമ്പനിയെ ബീലിവേഴ്‌സ് ചര്‍ച്ച് ദുരുപയോഗം ചെയ്തതിന് കൃത്യമായ തെളിവുകള്‍ ആദായനികുതി വകുപ്പിന് കിട്ടികഴിഞ്ഞു.

രാജ്യത്ത് നിര്‍ദ്ധനരായ സാധാരണക്കാരെ പണം നല്‍കി കെ പി യോഹന്നാന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്നതോടെ മൈക്രോ ഫിനാന്‍സ് കമ്പിനിയുടെ മറവിലായി പിന്നീടുള്ള സാമ്പത്തിക ഇടപാടുകള്‍. കുറഞ്ഞ പലിശയ്ക്ക് പണം നല്‍കി സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന സ്വാശ്രയ സംഘങ്ങളെ ഒപ്പം നിര്‍ത്തുകയാണ് ആദ്യഘട്ടം. പിന്നീട് വായ്പ തിരിച്ചടവ് മുടങ്ങുന്നതോടെ ചെറിയ രീതിയുള്ള ഭീഷണിയിലേക്ക് കാര്യങ്ങള്‍ പോകും. ഒടുവില്‍ കെ പി യോഹന്നാന്റെ വിശ്വാസത്തിലേക്കും സഭയുടെ കുഞ്ഞാടുമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതോടെ വായ്പ തിരിച്ചടവില്‍ നിന്നും കടംവാങ്ങിയ പാവങ്ങള്‍ ഒഴിവാക്കപ്പെടുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് മൈക്രോ ഫിനാന്‍സ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി താരതമ്യേന കുറഞ്ഞ പലിശ മാത്രമാണ് ഡോറയില്‍ നിന്നും വായ്പയെടുക്കുന്നവര്‍ നല്‍കേണ്ടത്.

കേരളത്തിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ബീലിവേഴ്‌സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമായും നിര്‍ദ്ധനരായ സ്ത്രീകളാണ് കെ പി യോഹന്നാന്റെ ഇരകളില്‍ ഏറെയും. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനവും വ്യാപകമാണ്. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി തകര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരാണ് ഡോറയുടെ മുഖ്യമായ ഇരകള്‍. കെ പി യോഹന്നാന്റെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ ഓരോ ദിവസവും പുറത്തുവരുമ്പോഴും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം തുടരുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

ഗോസ്പല്‍ ഫോര്‍ ഏഷ്യാ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോറ (ദൈവദാനമെന്നര്‍ത്ഥം) എന്ന മൈക്രോഫിനാന്‍സ് കമ്പനി വഴിയാണ് ഡോ. കെ പി യോഹന്നാന്‍ മെത്രാപ്പൊലീത്ത തന്റെ വൈദികരെ മുന്നില്‍ നിര്‍ത്തി പാവങ്ങളില്‍നിന്നു പലിശ ഈടാക്കുന്നത്. ദരിദ്രവിഭാഗത്തിന്റെ ഉന്നമനത്തിനും സംരംഭകത്വ ശീലം വര്‍ദ്ധിപ്പിക്കുന്നതിനുമെന്നു പറഞ്ഞുമാണ് പണം പലിശയ്ക്ക് നല്‍കുന്നത്. ഇതിനിടെ പണം കൊടുത്ത് സഹായിച്ചവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ബിഷപ്പ് ഇടക്കിടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താറുണ്ട്. ഇതിനെയും ജീവകാരുണ്യ പ്രവര്‍ത്തനമെന്നാണ് പേരിട്ടു വിളിക്കുന്നത്. ഡോറ എന്ന മൈക്രോഫിനാന്‍സ് സ്ഥാപനത്തിലൂടെ മെത്രാപ്പൊലീത്ത കേരളത്തിനകത്തും പുറത്തും വിതരണം ചെയ്തിട്ടുള്ളത് കോടികളാണ്. ഇവയെല്ലാം ജനങ്ങള്‍ തവണകളായി തിരിച്ചയ്ടക്കണം.

തവണകളായി പലിശയും ഉണ്ടാകുമെന്നു മാത്രം. പണം പലിശയ്ക്കു നല്‍കുന്ന മെത്രാപ്പൊലീത്തയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വളരെ ചെറുതാണ്. കേരളത്തിനു വെളിയില്‍ ഡോറായ്ക്ക് വലിയ മതിപ്പാണുള്ളത്. അവിടെ സ്വകാര്യ കമ്പനികള്‍ക്കാണ് പണം പലിശയ്ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ തുകയും കൂടും. കേരളത്തില്‍ വിതരണം ചെയ്യുന്ന പരമാവാധി തുക 5000 രൂപ മുതല്‍ 35,000 രൂപ വരെയാണ്. തവണകളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ പത്തോ അതിനു മുകളിലോ അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പണം നല്‍കുന്നത്.
ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ,് ഹരിയാന, ന്യൂഡല്‍ഹി തുടങ്ങിയിടങ്ങളില്‍ മുപ്പതു ബ്രാഞ്ചുകളിലായി 70,000 കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതായി സൈറ്റ് അവകാശപ്പെടുന്നു. 10,000 രൂപയ്ക്ക് 50 ആഴ്ചകൊണ്ട് 11200 രൂപയാണ് ഉപയോക്താക്കള്‍ തിരിച്ചടയ്‌ക്കേണ്ടത്. അതായത് 1200 രൂപ പലിശനിരക്കില്‍ ഡോറയിലേക്ക് കൂടുതലായി തിരിച്ചടയ്ക്കണം. ബിലീവേഴ്‌സ് ചര്‍ച്ച് പറഞ്ഞിട്ടുള്ള ഡോറയുടെ ഉപയോക്താക്കളുടെ കണക്ക് ശരിയാണെങ്കില്‍ ഈയിനത്തില്‍ ഇവര്‍ക്ക് പലിശയായി ലഭിച്ചിട്ടുള്ളത് 84 കോടിയാണ്.

ആധാര്‍ കാര്‍ഡ് മാത്രം കൊടുത്താല്‍ യാതൊരു ഈടും ഇല്ലാതെ വെറും മൂന്നു ദിവസം കൊണ്ട് സ്ഥാപനങ്ങളില്‍ നിന്നും പണം ലഭിക്കും. സര്‍ക്കാര്‍ സൊസൈറ്റികളിലും ബാങ്കുകളിലും ജാമ്യ വ്യവസ്ഥ കൂടുതലാണ്. പെട്ടെന്ന് പണം കൊടുക്കാമെന്ന് മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും സാധാരണക്കാര്‍ അവരുടെ ചതിക്കുഴിയില്‍ വീഴുന്നു. ഒരു സ്ഥാപനത്തില്‍ നിന്നും എടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്തത് മൂലം മറ്റു സ്ഥാപനങ്ങളില്‍ നിന്നും പണം എടുക്കേണ്ടി വരുന്നു. ഇങ്ങനെ നാലു മുതല്‍ ഏഴുവരെ സ്ഥാപനങ്ങളില്‍ നിന്നും പണം എടുത്തവരാണ് എല്ലാ സ്ത്രീകളും. ആഴ്ചതോറും 5000 രൂപ വരെ തിരിച്ചടവ് നല്‍കുന്നവരുണ്ട് ഈ കൂട്ടത്തില്‍. ഒറ്റയ്ക്ക് ചെന്നാല്‍ ലോണ്‍ കിട്ടില്ല. ലോണ്‍ ആര്‍ക്കാണോ വേണ്ടത് അയാള്‍ 10 പേരുടെ സംഘം രൂപീകരിക്കണം. ഇവരുടെ കൂട്ടുത്തരവാദിത്തത്തിലാണ് സ്ഥാപനങ്ങള്‍ പണം കൊടുക്കുക. 10 പേരുടെ സംഘമായാല്‍ സ്ഥാപനങ്ങള്‍ മീറ്റിംഗ് വിളിക്കും. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലോണ്‍ പാസാക്കിക്കൊടുക്കും.

അതേസമയം കേരളത്തിന്റെ എല്ലാ ജില്ലകളിലെയും ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോറയുടെ ഓഫീസുകള്‍ മുഖാന്തിരം പതിനായിരക്കണക്കിന് സ്ത്രീകളാണ് പണം കൈപ്പറ്റിയിരിക്കുന്നത്. കൈപ്പറ്റുന്ന പണത്തിന് നിരവധി ഉടമ്പടികള്‍ ഒപ്പിട്ടുവാങ്ങാറുണ്ട്. ഓഫീസ് നടപടിക്രമങ്ങള്‍ക്ക് എന്ന പേരില്‍ 200 രൂപ മുതല്‍ 500 രൂപ വരെയും ഇന്‍ഷുറന്‍സ് എന്ന പേരില്‍ 250 രൂപയും നിര്‍ബന്ധപൂര്‍വ്വം വാങ്ങാറുണ്ടെന്നും ഡോറയില്‍നിന്നും പണം കൈപ്പറ്റിയ സ്ത്രീകള്‍ പറഞ്ഞു. കൂടാതെ നല്‍കുന്ന പണത്തിന് ഉപയോക്താവ് സ്ത്രീയാണെങ്കില്‍ ഭര്‍ത്താവോ, ഭര്‍ത്താവില്ലെങ്കില്‍ രക്തബന്ധത്തിലുള്ള പുരുഷന്മാരോ ജാമ്യക്കാരായി നില്‍ക്കണമെന്ന വ്യവസ്ഥയുണ്ട്. 10,000 രൂപയ്ക്ക് 224 രൂപ പ്രകാരം 50 ആഴ്ചയും 15,000 രൂപയ്ക്ക് 333 രൂപ പ്രകാരം 24 മാസം കൊണ്ടും തിരിച്ചടവ് പൂര്‍ത്തിയാക്കണം. ചൊവ്വാ, വ്യാഴം ദിവസങ്ങളില്‍ ഡോറയില്‍നിന്ന് ആളുകള്‍ നേരിട്ടെത്തി പണം കൈപ്പറ്റും
മുടക്കം വരുത്തിയാല്‍ ഏജന്റുമാരെന്നവകാശപ്പെടുന്നവര്‍ പണം കൈപ്പറ്റിയയാളുടെ വീടുകളിലെത്തും.

ചെറിയ തോതില്‍ പലിശ ഈടാക്കി തുടങ്ങുന്ന കമ്പനി അടവു തെറ്റിയാല്‍ കൂടുതല്‍ പലിശ ഈടാക്കാനും ശ്രമിക്കുമെന്ന ആരോപണവും ഉണ്ട്. അതേസമയം ഇത്തരം മൈക്രോ ഫിനാന്‍സ് പദ്ധതികളിലൂടെ മതപരിവര്‍ത്തനമാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ലക്ഷ്യമെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യം സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദ്ധനരായവരെവരെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം എന്നതിനാല്‍ ഇവര്‍ ധനസഹായം കിട്ടുമ്പോള്‍ മതംമാറി ബിലീവേഴ്‌സ് ചര്‍ച്ചില്‍ അംഗത്വമെടുക്കാന്‍ തയ്യാറാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *