കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റർ. ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് ആയതിനാൽ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും ട്വിറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഖലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1198 ഹാൻഡിലും ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കർഷക സമരത്തിന് പിന്നാലെ 1435 അക്കൗണ്ടുകളുടെ പട്ടിക റദ്ദാക്കാനായി കേന്ദ്ര സർക്കാർ നൽകിയത്. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടിക നേരത്തെ കേന്ദ്ര സർക്കാർ ട്വിറ്ററിന് നൽകിയിരുന്നു.
കേന്ദ്ര സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും വൻതുക പിഴ ഈടാക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്നാണ് ട്വിറ്ററിന് നടപടി. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിനെതിരെ രംഗത്ത് വന്നിരുന്നു. കർഷക സമരം സജീവമായതോടെയാണ് ട്വിറ്റർ കേന്ദ്ര സർക്കാറിന്‍റെ കണ്ണിലെ കരടായത്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാൽ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റർ നൽകിയ മറുപടി.
‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗിൽ ദിവസങ്ങളായി ട്വിറ്ററിൽ പ്രതികരണം സജീവമാണ്. ഇവ സമരമുഖം കൂടുതൽ സജീവമാക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര നീക്കം. ഐ.ടി നിയമം 69 എ വകുപ്പിൽ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നൽകിയത്.
‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത 257 ഹാൻഡ്ലുകളിൽ 126 എണ്ണം നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഖലിസ്താനി, പാക് ശക്തികളുമായി ബന്ധമെന്ന് സർക്കാർ ആരോപിച്ച 1,178 ഹാൻഡ്ലുകളിൽ 583 എണ്ണത്തിനും നേരത്തെ വിലക്കുവീണിരുന്നു.
അമേരിക്കൻ പോപ് സംഗീതജ്ഞ രിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്, അമേരിക്കൻ വൈസ് പ്രസിഡൻ് കമല ഹാരിസിന്‍റെ ഉറ്റ ബന്ധു മീന ഹാരിസ് തുടങ്ങിയവർ ട്വിറ്ററിൽ സമരത്തെ അനുകൂലിച്ച രംഗത്തെത്തിയതിനെതിരെ സർക്കാർ പ്രതിഷേധമറിയിച്ചിരുന്നു.