ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ് ചേതേശ്വർ പൂജാര ഇനി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം. ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണു പൂജാര ഐ പി എൽ കളിക്കാനെത്തുന്നത്. ഇന്നലെ ചെന്നൈയിൽ നടന്ന ലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ സി എസ് കെ സ്വന്തമാക്കിയത്. 2014 ന് ശേഷം പൂജാരയെ ആരും വാങ്ങിയിരുന്നില്ല.
അതിനു മുൻപ് താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ സ്ഥിരസാന്നിധ്യമായ പൂജാര ടി20 ഫോര്‍മാറ്റില്‍ തീര്‍ത്തും മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.
30 മത്സരങ്ങള്‍ ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ള പൂജാര നേടിയത് 390 റണ്‍സാണ്. ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും അടുത്തിടെ പൂജാര പറഞ്ഞിരുന്നു. പൂജാരയെ ചെന്നൈ വാങ്ങിയ നിമിഷം നിറഞ്ഞ കൈയടിയോടെയാണ് താരലേലത്തിൽ പങ്കെടുത്തവർ സ്വീകരിച്ചത്.