ഇടുക്കി : അടിമാലി പള്ളിവാസലിൽ വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന ബന്ധു അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസിന് സമീപമാണ് ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ അരുണിന്റെ വാടക വീട്ടില്‍ നിന്ന് ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണു അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് പറയുന്നു.
പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം ശനിയാഴ്ചയാണ് പതിനേഴ്കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ അരുണിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.ഇയാള്‍ക്ക് വേണ്ടി ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ കഴിഞ്ഞ ദിവസം രാത്രി ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടിമറയുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. പോലീസ് നടത്തിയ തിരച്ചില്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.